കോവിഡ്; ഇന്‍ഡോറില്‍ ഏപ്രില്‍ 30 വരെ വിവാഹങ്ങള്‍ വേണ്ടെന്ന് ജില്ലാ ഭരണകൂടം
ഇത് നഗരത്തിലെ കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡോറില്‍ ഏപ്രില്‍ 30 വരെ വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇത് നഗരത്തിലെ കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
''കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഏപ്രില്‍ 30 വരെ വിവാഹങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. ആളുകൾ അവരുടെ വിവാഹങ്ങൾ മാറ്റിവച്ച് ഏപ്രിൽ 30 വരെ വീട്ടിൽ തന്നെ തുടരാൻ അഭ്യർത്ഥിക്കുന്നു''വെന്ന് ജില്ലാ മജിസ്ട്രേറ്റ് മനീഷ് സിംഗ് അറിയിച്ചു. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇത് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പേർക്കെതിരെ എൻ.എസ്.എ പ്രകാരം കേസെടുത്തിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്‍ഡോറിലെ സ്ഥിതി ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗികള്‍ക്ക് കിടക്കാന്‍ ബെഡോ ആവശ്യമായ സൌകര്യങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.