കൊറോണ വൈറസിനും നമ്മളെ പോലെ ജീവിക്കാന്‍ അവകാശമുണ്ട്: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി
'വൈറസിന്‍റെ കാര്യത്തില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളൂ'
കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോള്‍ വിചിത്ര പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. കൊറോണ വൈറസിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അഭിപ്രായം.
'താത്വികമായി പരിശോധിച്ചാല്‍ കൊറോണ വൈറസിനും ജീവനുണ്ട്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്. ബുദ്ധിയുണ്ടെന്ന് സ്വയം വിചാരിക്കുന്ന നമ്മള്‍ മനുഷ്യര്‍ അവരെ തുരത്തിയോടിക്കുന്നു. വൈറസ് മാറ്റങ്ങളോടെ വീണ്ടും വരുന്നു. നമ്മള്‍ വൈറസില്‍ നിന്ന് അകലം പാലിക്കണം. അത് ചലിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളും ചലിക്കുന്നു, വൈറസിനേക്കാള്‍ വേഗത്തിൽ നമ്മള്‍ നീങ്ങണം' എന്നാണ് ത്രിവേന്ദ്ര സിങ് പറഞ്ഞത്.
പ്രസ്താവനയ്ക്ക് പിന്നാലെ ത്രിവേന്ദ്ര സിങിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എങ്ങനെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെ നിസ്സാരമായി കാണാന്‍ കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വൈറസിന്‍റെ കാര്യത്തില്‍ അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളൂ എന്നാണ് ഒരാളുടെ കമന്‍റ്.
വിഡ്ഢിത്തവും അബദ്ധവുമാണ് ത്രിവേന്ദ്ര സിങ് പറയുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് പറഞ്ഞു. ശ്വസിക്കുമ്പോഴും ഉച്ഛ്വസിക്കുമ്പോഴും ഓക്സിജന്‍ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്നാണ് ത്രിവേന്ദ്ര സിങ് മുന്‍പ് പറഞ്ഞത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,43,144 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 4000 പേര്‍ മരിച്ചു. രാജ്യത്താകെ കോവിഡ് ബാധിച്ച് ഇതുവരെ 2,62,317 പേര്‍ മരിച്ചു. 18 കോടി പേര്‍ക്ക് ഇതിനകം വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.