ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് കുറ്റമല്ല; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി

താഴ്‌വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക്​ വിധേയമാക്കി ശിക്ഷിക്കുകയാണ്.

Update: 2021-05-16 16:32 GMT
Advertising

ഫലസ്​തീനിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ കശ്​മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെ വിമർശിച്ച്​​ ജമ്മു കശ്​മീർ മുൻ മുഖ്യമ​ന്ത്രി ​മെഹ്​ബൂബ മുഫ്​തി. ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്​ ഒരു കുറ്റമല്ലെന്ന് അവര്‍ പറ‍ഞ്ഞു. താഴ്‌വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക്​ വിധേയമാക്കി ശിക്ഷിക്കുകയാണെന്നും കശ്​മീർ തുറന്ന തടവറയായി മാറിയിരിക്കുകയാണെന്നും മെഹ്​ബൂബ വിമര്‍ശിച്ചു.

"ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളിൽ ലോകം മൊത്തം പ്രതിഷേധിക്കുന്നു. എന്നാൽ കശ്മീരിൽ ഇത് ശിക്ഷാർഹമായ കുറ്റമാണ്. ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസെടുക്കുകയും ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു," മെഹ്​ബൂബ ട്വീറ്റ്​ ചെയ്​തു.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടി നടത്തിയതിന് നിരവധിപേരെയാണ് കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രശസ്ത ചിത്രകാരന്‍ മുദസിർ ഗുലും ഉള്‍പ്പെടുന്നു. ശ്രീനഗറില്‍ ഒരു ഫലസ്തീന്‍ അനുകൂല ചിത്രം വരയ്ക്കുന്നതിനിടയിലാണ് മുദസിര്‍ ഗുല്‍ അറസ്റ്റിലായത്. 

പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്​തീൻ ജനതക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ പോരാട്ടത്തിന്​​ ​ഐക്യപ്പെടുകയും ചെയ്​ത മതപ്രബോധകനായ സർജൻ ബർകതിയെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ആറു മിനിറ്റ്​ നീണ്ട ​പ്രസംഗത്തിൽ ബർകതി ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച്​ സംസാരിക്കുകയും അവരുടെ ധൈര്യത്തെ ​പ്രശംസിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്​തിരുന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെഹ്ബൂബയുടെ പ്രതികരണം.

അതേസമയം, ഫലസ്തീന് അനുകൂലമായ ധാരാളം പോസ്​റ്റുകൾ കശ്മീരിലെ ജനങ്ങള്‍ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്​. ഇതിനെതിരെയും പൊലീസ്​ രംഗത്തു വന്നിട്ടുണ്ട്. ഫലസ്​തീനിലെ പോരാട്ടം ചൂണ്ടിക്കാട്ടി കശ്​മീരിലെ സമാധാനം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ കടുത്ത ശിക്ഷയു​ണ്ടാകുമെന്നും കശ്​മീർ സോൺ പൊലീസ്​ ട്വീറ്റ് ചെയ്തിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News