ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ
ട്വിറ്റർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നോട്ടീസ്
പുതിയ ഐടി നയം അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കാത്തതിൽ ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. ട്വിറ്റർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും ഐടി മന്ത്രാലയം നൽകിയ നോട്ടീസിൽ വ്യക്തമാക്കി. പുതിയ നയം നിലവിൽ വന്ന ശേഷം മൂന്നാം തവണയാണ് കേന്ദ്രസർക്കാർ ട്വിറ്ററിന് നോട്ടീസ് നൽകുന്നത്.
അധിക്ഷേപകരമായത് അടക്കമുള്ള പരാതികൾ പരിഹരിക്കാൻ ഇന്ത്യ ആസ്ഥാനമായി സംവിധാനം ഉണ്ടാകണമെന്നാണ് പുതിയ നയത്തിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഇത് പാലിക്കുന്നതിനോ കൃത്യമായ വിശദീകരണം നൽകുന്നതിനോ ട്വിറ്റർ തയ്യാറായിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. ചട്ടം പാലിക്കാത്ത പക്ഷം 2000ലെ ഐടി നിയമപ്രകാരം ഇടനിലക്കാരന് ലഭിക്കുന്ന പരിരക്ഷ ട്വിറ്ററിന് ലഭിക്കില്ല. ഉള്ളടക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം ടിറ്ററിനായിരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനസ്ഥാപിച്ചത്. വെങ്കയ്യ നായിഡുവിന്‍റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.