സര്‍ക്കാര്‍ കണക്കുകളില്‍ പൊരുത്തക്കേട്; ഗുജറാത്തില്‍ കോവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നു?
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗുജറാത്തിലെ എഴു പ്രധാന നഗരങ്ങളില്‍ 1495 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തു.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മരണക്കണക്കില്‍ കള്ളക്കളി കാട്ടുന്നുവെന്ന വാദങ്ങള്‍ ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ ദീപക് പട്ടേലിന്‍റെ ട്വീറ്റാണ് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്ത് വിവിധ ശ്മശാനങ്ങളിലായി അടക്കം ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണവും സര്‍ക്കാര്‍ കണക്കുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ആരോപണം.
ഗുജറാത്ത് സമാചാറില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം തിങ്കളാഴ്ച രാജ്കോട്ടില്‍ 161 മൃതദേഹങ്ങളാണ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നാലു ശ്മശാനങ്ങളിലായി അടക്കം ചെയ്തത്. രാജ്കോട്ടില്‍ ആകെ ഏഴു ശ്മശാനങ്ങളാണുള്ളത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്കോട്ടില്‍ ഇന്നലെ രേഖപ്പെടുത്തിയത് 14 മരണങ്ങളാണ്- ദീപക് പട്ടേലിന്‍റെ ട്വീറ്റില്‍ പറയുന്നു.
ബറൂച്ച്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 27 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ആറു മരണങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഈ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം, വഡോധരയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 14 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. എന്നാല്‍ ഇവിടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തത് 228 മൃതദേഹങ്ങളാണെന്ന് സന്ദേശ് ദിനപത്രം ചൂണ്ടിക്കാട്ടുന്നു. ഗാന്ധിനഗറില്‍ 87 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആകെ രണ്ടു മരണങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇവിടെ സ്ഥിരീകരിച്ചതെന്നാണ് സര്‍ക്കാര്‍ രേഖകള്‍.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗുജറാത്തിലെ എഴു പ്രധാന നഗരങ്ങളില്‍ 1495 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടക്കം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 220 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും ദീപക് പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കണക്കുകളിലെ കള്ളത്തരം നിരവധിപേരുടെ ജീവന് ആപത്താകുന്നുവെന്നും ദീപക് പട്ടേല്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ കണക്കുകളില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണവും മരണനിരക്കും കുറച്ചു കാട്ടുമ്പോള്‍ സംസ്ഥാനത്തിന്‍റെ ഓക്സിജന്‍ വിഹിതത്തെയടക്കം അതു ബാധിക്കുന്നു. സൂറത്തില്‍ 150 ടണ്‍ ഓക്സിജനാണ് ലഭ്യമാകുന്നത്. എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ പ്രതിദിനം 250 ടണ്‍ ഓക്സിജന്‍ ആവശ്യമുണ്ട്.
കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തില്‍ മരണം കുത്തനെ കൂടിയതിനാല്‍ ശ്‌മശാനങ്ങൾ രാപകലില്ലാതെ പ്രവർത്തിക്കുകയാണ്. കോവിഡിനെ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികളില്‍ ഗുജറാത്ത് ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചികിത്സ ലഭിക്കാതെ രോഗികള്‍ ആശുപത്രിക്ക് പുറത്ത് മരിച്ചുവീഴുന്നതില്‍ കോടതി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഈ അവസരത്തില്‍ പരിഹാരമാകില്ലെന്നും കോടതി നിരീക്ഷിച്ചു.