ബിഹാറില്‍ മേയ് 15 വരെ ലോക്ഡൌണ്‍
നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മേയ് 15 വരെ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി ബിഹാര്‍. ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും കൂടിയാലോചിച്ച ശേഷമാണ് ലോക്ഡൌണ്‍ ഏർപ്പെടുത്താനുള്ള തീരുമാനമെന്നും നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു.
ബിഹാറിലെ കോവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നിരിക്കുകയാണ്. ഒരു ലക്ഷം പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച 11,407 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 82 പേര്‍ മരിക്കുകയും ചെയ്തു. പാറ്റ്നയില്‍ മാത്രം 24 പേരാണ് വൈറസ് ബാധിച്ച് തിങ്കളാഴ്ച മരണമടഞ്ഞത്. മുസഫര്‍പൂരില്‍ 13 ഉം മധേപുരയില്‍ ആറും വെസ്റ്റ് ചമ്പാരനില്‍ അഞ്ചും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാമാരിക്കെതിരെ ഫലപ്രദമായി പോരാടുന്നതിനുള്ള വൈദ്യസഹായം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച കൊറോണ നിർമാർജന ഫണ്ടിലേക്ക് നിയമസഭാംഗങ്ങളുടെ വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ വീതം സംഭാവന നല്‍കാന്‍ ബിഹാർ സർക്കാർ തീരുമാനിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള എല്ലാ എം.എൽ.എമാരുടെയും എംഎൽസികളുടെയും ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ കൊറോണ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.