ജൂലൈ-ആഗസ്റ്റില്‍ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കാം: മഹാരാഷ്ട്ര ആരോഗ്യമന്ത്രി
കഴിഞ്ഞ ദിവസം 66,159 കോവിഡ് കേസുകളും 771 മരണവും മഹാരാഷ്ട്രയിലുണ്ടായി
കോവിഡ് രണ്ടാം തരംഗം സുനാമിയായി ആഞ്ഞടിക്കുന്നതിനിടെ ഒരു മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തൊപെയുടെ മുന്നറിയിപ്പ്. ജൂലൈ- ആഗസ്റ്റില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധരാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗം വരുമ്പോഴേക്കും മെഡിക്കല്‍ ഓക്സിജന്‍റെ കാര്യത്തില്‍ ഉള്‍പ്പെടെ സ്വയംപര്യാപ്തമാവാനാണ് മഹാരാഷ്ട്രയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ച ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മെഡിക്കല്‍ ഓക്ലിജന്‍ നിര്‍മിക്കാന്‍ 125 പ്ലാന്‍റുകള്‍ തുടങ്ങാനാണ് പദ്ധതി. കോവിഡ് ചികിത്സക്കായി 10000 - 15000 റെംഡെസിവിര്‍ ഗുളികയുടെ കുറവ് ഇപ്പോള്‍ത്തന്നെയുണ്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എല്ലാ ആശുപത്രികളിലും എത്രയും പെട്ടെന്ന് ഉറപ്പ് വരുത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും നാശം വിതച്ചത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 66,159 കോവിഡ് കേസുകളും 771 മരണവുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 45,39,553 ആയി. 67,985 പേര്‍ മരിച്ചു. മെയ് 15 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും.
അതിനിടെ കോവിഡ് വാക്സിന്‍ ക്ഷാമം കാരണം മുംബൈയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ മൂന്നു ദിവസത്തേക്ക് നിർത്തുകയാണെന്നാണ് മുംബൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്സിനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ലഭ്യമായാൽ ഉടൻ നൽകുമെന്നും അധികൃതർ പറഞ്ഞു. ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ മാത്രമേ 45 വയസിൽ താഴെയുള്ളവരുടെ വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂവെന്ന് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ അശ്വിനി ഭിഡെ വ്യക്തമാക്കി.