കോവിഡ് ബാധയെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ടു വയസുകാരന്‍ മരിച്ചു

അന്ത്യകര്‍മങ്ങള്‍ ചെയ്തത് ആശുപത്രി അധികൃതര്‍.

Update: 2021-05-16 15:29 GMT
Advertising

കോവിഡ് പോസിറ്റീവായ രണ്ടുവയസുകാരനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ആരോപണം. കുട്ടി മരണപ്പെട്ടതായും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ ആശുപത്രി അധികൃതരാണ് ശവസംസ്കാരം നടത്തിയതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (റിംസ്) സംഭവം.

മാതാപിതാക്കള്‍ രണ്ടു വയസുകാരനെ ഉപേക്ഷിച്ചുപോയകാര്യം അറിഞ്ഞതോടെ വാര്‍ഡ് ബോയ് രോഹിത് ബേഡിയയാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. ബിഹാറിലെ ജാമുയി സ്വദേശികളാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മെയ് പത്തിന് രാത്രി വൈകിയാണ് അവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടിയെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടി കോവിഡ് പോസിറ്റീവാണെന്നും തെളിഞ്ഞിരുന്നു. 

കോവിഡ് പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മെയ് 11ന് കുട്ടി മരണപ്പെടുകയും ചെയ്തു.

ആശുപത്രിയില്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ രക്ഷിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെത്താത്തതിനാല്‍ ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ ആശുപത്രി അധികൃതരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News