റസിയ സുൽത്താൻ: ബിഹാർ പൊലീസിലെ ആദ്യ മുസ്‌ലിം ഡി.എസ്.പി
ബിഹാർ പൊലീസിൽ മുസ്‌ലിം സമുദായത്തിൽ നിന്നും ഡി.എസ്.പിയാകുന്ന ആദ്യ വനിതയായി ഇരുപത്തേഴു വയസ്സുകാരി റസിയ സുൽത്താൻ. ബിഹാറിലെ ഗോപാൽഗഞ്ചിലെ ഹതുവ സ്വദേശിയാണ് റസിയ.
നിലവിൽ ബിഹാറിലെ വൈദ്യുതി വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറാണ് റസിയ. 64 ആമത് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ച റസിയ ബിഹാർ പൊലീസിലെ ഡി.എസ്.പി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാല്പത് ഉദ്യോഗാർത്ഥികളിൽ ഒരാളാണ്. റസിയയുടെ പിതാവ് 2016 ൽ മരണപ്പെട്ടിരുന്നു. പൊലീസ് സേനയിലെത്താൻ റസിയ ഏറെ ആഗ്രഹിച്ചിരുന്നു. ഡി.എസ്.പി ആയി തെരഞ്ഞെടുക്കപ്പെട്ടത് അവരെ സംബന്ധിച്ചിടത്തോളം സ്വപ്ന സാഫല്യമായിരുന്നു.
തന്റെ പദവിയിൽ ഇരുന്നുകൊണ്ട് സ്ത്രീകളെ ശക്തിപ്പെടുത്താനും അവരുടെ പരാതികൾ പരിഹരിക്കപ്പെടാൻ ശ്രമിക്കുമെന്നും റസിയ പറഞ്ഞു. " ജനങ്ങൾക്ക് നീതി ലഭിക്കാത്ത ഒരുപാട് സംഭവങ്ങളുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. പൊതുവെ കുറ്റകൃത്യങ്ങളിൽ പരാതിപ്പെടാൻ സ്ത്രീകൾ വിമുഖത കാണിക്കാറുണ്ട്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപെടുന്നുവെന്ന് ഞാൻ ഉറപ്പ് വരുത്തും."- അവർ പറഞ്ഞു.