സൈനികരുടെ നിരന്തര തെരച്ചിൽ ചോദ്യം ചെയ്ത ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥക്ക് യു.എ.പി.എ
സൈമക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി അപലപിച്ചു.
തന്റെ വീട്ടിൽ നിരന്തരം തെരച്ചിൽ നടത്തുന്ന സൈനിക ഉദ്യോഗസ്ഥരോട് കയർക്കുന്ന വീഡിയോ വൈറലായതിന്റെ പിറ്റേന്ന് ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ പൊലീസിലെ സ്‌പെഷ്യൽ പൊലീസ് ഓഫീസറായ സൈമ അഖ്തറിനെ സർവീസിൽ നിന്നും പുറത്താക്കുകയും ചെയ്തു.
തീവ്രവാദത്തെ മഹത്വവത്കരിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ കൃത്യ നിർവഹണത്തിൽ നിന്ന് തടഞ്ഞതിനുമാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം.
ദക്ഷിണ കശ്മീരിലെ കുൽഗാമിലെ ഫ്രിസാൽ ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ വീട്ടിൽ തെരച്ചിലിനെത്തിയ സൈനികരോട് റമദാൻ മാസത്തിലും തങ്ങളുടെ കുടുംബത്തെ വെറുതെ വിടുകയില്ലേ എന്ന് ചോദിച്ച് കയർക്കുന്ന വീഡിയോ ആണ് വൈറലായത്. വിഡിയോയിൽ ഇവരുടെ ദൃശ്യമാകുന്നില്ല.
" നിങ്ങൾ എന്തിനാണ് നിരന്തരം വരുന്നത്? നിങ്ങൾ ഭീകരരുള്ള വീട്ടിൽ പോകൂ. നിങ്ങൾ ഞങ്ങളെ സെഹ്‌രി (റമദാൻ മാസത്തിൽ കഴിക്കുന്ന അത്താഴം) കഴിക്കാൻ പോലും അനുവദിക്കുന്നില്ല.നിങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ തെരച്ചിൽ നടത്തണമെങ്കിൽ ആദ്യം നിങ്ങളുടെ ഷൂസുകൾ ഒഴിവാക്കൂ. " അവർ ഉച്ചത്തിൽ പറയുന്നതായി കാണാം. തന്റെ മാതാവിന് സുഖമില്ലെന്നും അവർ പറയുന്നുണ്ട്.
ഇവരോട് വിഡിയോയിൽ ദൃശ്യമാകാത്ത സൈനികൻ കയർക്കുമ്പോൾ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് അവർ പറയുന്നുണ്ട്. "നിങ്ങൾ നാവടക്കൂ. ഞങ്ങൾ പേടിക്കാൻ പോകുന്നില്ല. ഇത് ഞങ്ങളുടെ കശ്മീരാണ്. നിങ്ങൾ പുറത്ത് നിന്ന് വന്നവരാണ്. നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്യൂ." - അവർ പറഞ്ഞു.
ഏപ്രിൽ പതിനാലിന് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഫ്രിസാലിൽ തെരച്ചിൽ നടത്തുകയായിരുന്നെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. " ഓപ്പറേഷനിടയിൽ തെരച്ചിൽ നടത്തുന്നവരെ ഫ്രിസാൽ സ്വദേശിയായ സൈമ അഖ്താരെന്ന സ്ത്രീ തടഞ്ഞു. അവർ തെരച്ചിൽ നടത്തുന്നവരെ എതിർക്കുകയും അവരോട് കയർക്കുകയും തീവ്രവാദികളുടെ ആക്രമണങ്ങളെ മഹത്വവത്കരിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. അവർ തെരച്ചിൽ ഓപ്പറേഷനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു"
സൈമക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി അപലപിച്ചു.