ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണം; ട്വിറ്ററിന് മറുപടിയുമായി കേന്ദ്രം
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു
കേന്ദ്രത്തിന്‍റെ പുതിയ സാമൂഹ്യ മാധ്യമ നിയമങ്ങള്‍ക്കെതിരായ ട്വിറ്ററിന്‍റെ പ്രതികരണത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.
നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്‍റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്‍റെ സവിശേഷാധികാരമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്‍റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം. അതിന്‍റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.