നന്ദിഗ്രാമില്‍ മമത പിന്നില്‍

2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.

Update: 2021-05-02 04:13 GMT
Advertising

പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ മണ്ഡലമാണ് നന്ദിഗ്രാം. മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരിക്കല്‍ മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടിയ മണ്ഡലം. രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം ഇവിടെ 2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.

മമതയെ ഭരണത്തിലേറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ചത് നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളാണ്. ഇടതുപക്ഷത്തിന് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല അതിന് ശേഷം. അന്നത്തെ സമരത്തില്‍ മമതയ്ക്കൊപ്പമുണ്ടായിരുന്നു സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി മമതക്കെതിരെ തന്നെ മത്സരിക്കുകയായിരുന്നു. ഇവിടെ 50,000 വോട്ടിന് ജയിക്കുമെന്നാണ് സുവേന്ദു അവകാശപ്പെട്ടത്.

പശ്ചിമ ബംഗാളിലെ ആകെ കണക്കെടുത്താല്‍ തൃണമൂലും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിർണായക വിധിയാകും. റിപബ്ലിക് ടിവി-സിഎൻഎക്സ് ഒഴികെയുള്ള എക്സിറ്റ് പോൾ സർവേകളെല്ലാം തൃണമൂൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതൽ 176 സീറ്റ് വരെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. ബംഗാളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 147 സീറ്റുകളെങ്കിലും നേടണം.

2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 293 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചത്. 291 സീറ്റില്‍ മത്സരിച്ച ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് ജയിച്ചത്. നേടിയത് 10.16 ശതമാനം വോട്ടും. സിപിഎം 148 സീറ്റില്‍ മത്സരിച്ചപ്പോള്‍ 26 ഇടത്ത് ജയിച്ചു. കോണ്‍ഗ്രസാകട്ടെ 92 സീറ്റില്‍ മത്സരിച്ചിട്ട് 44 സീറ്റുകളിലാണ് ജയിച്ചത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപി വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസവുമായാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബിജെപി ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.  

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News