വീഡിയോ കോള്‍ വഴി ചോദ്യം ചെയ്യലിന് തയ്യാറെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി; അതൃപ്തി അറിയിച്ച് യു.പി പൊലീസ്
സമൂഹമ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം വന്നതിന് ശേഷമുള്ള ആദ്യത്തെ കേസാണ് ഇത്
നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് യു.പി പൊലീസിന് ട്വിറ്റര്‍ ഇന്ത്യ മേധാവിയുടെ മറുപടി. വീഡിയോ കോള്‍ വഴി ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി യു.പി പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ അതൃപ്തി അറിയിച്ച പൊലീസ് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് വിവരം.
ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് നോട്ടീസ് നല്‍കിയത്. സാമുദായിക വികാരം ഇളക്കിവിടാനുള്ള ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി ഏഴ് ദിവസത്തിനകം ഡല്‍ഹിക്ക് സമീപത്തുള്ള ലോണി ബോര്‍ഡറിലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്നായിരുന്നു ഗാസിയാബാദ് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
ഗാസിയാബാദ് സംഭവത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങളില്ല എന്നാണ് പൊലീസ് പറയുന്നത്. ഏലസ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. വൃദ്ധനെ മര്‍ദിച്ചവരില്‍ മുസ്‌ലിങ്ങളും ഹിന്ദുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം മര്‍ദനമേറ്റയാള്‍ക്ക് അറിയാമെന്നും പൊലീസ് പറയുന്നു.
എന്നാല്‍ മര്‍ദനമേറ്റ അബ്ദുസമദിന്റെ കുടുംബം ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ കുടുംബത്തില്‍ ആരും ഏലസ് കച്ചവടം നടത്തുന്നില്ലെന്ന് ഇയാളുടെ മകന്‍ ബബ്‌ലു സെയ്ഫി പറഞ്ഞു. ഞങ്ങള്‍ ആശാരിപ്പണി ചെയ്യുന്നവരാണ്. പൊലീസ് പറയുന്നത് തെറ്റാണ്. ഇത് തെളിയിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ഇയാള്‍ പറഞ്ഞു.