മറവ് ചെയ്യാന്‍ വിലക്ക്, യു.പിയില്‍ ഭാര്യയുടെ മൃതദേഹവുമായി വൃദ്ധന്‍ സൈക്കിളില്‍ കാത്തിരുന്നത് മണിക്കൂറുകള്‍
യു.പിയില്‍ പ്രദേശവാസികള്‍ മറവ് ചെയ്യാന്‍ വിലക്കിയതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവുമായി വൃദ്ധന്‍ സൈക്കിളില്‍ കാത്തിരുന്നത് മണിക്കൂറുകള്‍. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരില്‍ നിന്നാണ് അതൃധികം നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വൃദ്ധനായ തിലക്ധാരി സിംഗിന്‍റെ ഭാര്യ അന്‍പത് വയസ്സ് പ്രായമായ രാജ്കുമാരി ദീര്‍ഘകാലമായി അസുഖബാധിതയായി കിടക്കുകയായിരുന്നു. അതിനിടയിലാണ് മരണപ്പെടുന്നത്. ഭാര്യയുടെ മൃതദേഹം മറവ് ചെയ്യാന്‍ സ്ഥലം കിട്ടാതെ തിലക്ധാരി സിംഗ് സൈക്കിളില്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
അതെ സമയം കോവിഡ് ഭീതിയെ തുടര്‍ന്നാണ് മൃതദേഹം അടക്കാന്‍ പ്രദേശവാസികള്‍ സമ്മതിക്കാതിരുന്നതെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ടു ചെയ്യുന്നു. പക്ഷേ സ്ത്രീയുടെ മരണത്തിന് കാരണം കോവിഡ് ആണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഏപ്രില്‍ 26നാണ് തിലക്ധാരി സിംഗിന്‍റെ ഭാര്യ രാജ്കുമാരിയെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് യു.പി ഉമാനാഥ് സിംഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചതിന് തൊട്ടുപിന്നാലെ മരണപ്പെട്ട രാജ്കുമാരിയുടെ മൃതദേഹം ഉടനെ തന്നെ ആംബുലന്‍സില്‍ തിരിച്ചയക്കുകയായിരുന്നു. ഇതിനിടയിലാണ് നാട്ടില്‍ മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നതും വൃദ്ധനായ തിലക്ധാരി സിംഗ് സൈക്കിളില്‍ ഭാര്യയുടെ മൃതദേഹവുമായി കാത്തിരിക്കുന്നതും.
പിന്നീട് ജോന്‍പൂര്‍ പൊലീസിനെ അറിയിച്ചതിന് ശേഷമാണ് തിലക്ധാരി സിംഗിന് ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ രാംഘട്ടില്‍ വെച്ച് ചെയ്യാനായതെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് മൃതദേഹം മറവ് ചെയ്തത്.