ട്വിറ്റര്‍ ഇന്ത്യക്ക് വീണ്ടും പൊലീസ് നോട്ടീസ്

ഗാസിയാബാദില്‍ മുസ്‍ലിം വയോധികനെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ട്വിറ്ററിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

Update: 2021-06-18 05:13 GMT
Editor : Suhail | By : Web Desk
Advertising

ഗാസിയാബാദ് ആക്രമണ വീഡിയോയിൽ ട്വിറ്റർ ഇന്ത്യക്ക് യു.പി പൊലീസ് നോട്ടീസയച്ചു. സാമുദായിക വർഗീയതയ്ക്ക്​ ​പ്രേരിപ്പിച്ചുവെന്ന കേസില്‍ ഏഴു ദിവസത്തിനകം സ്റ്റേഷനിലെത്തി മൊഴി നൽകാന്‍ ആവശ്യപ്പെട്ടാണ് ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്ക് പൊലീസ് നോട്ടീസ് അയച്ചത്.

​ജൂൺ അഞ്ചിനാണ്​ അബ്​ദുസമദ്​ എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്​. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന്​ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യ​പ്പെട്ട്​ മർദിച്ചെന്നുമാണ് അബ്​ദുസമദ്​ വെളിപ്പെടുത്തിയത്. എന്നാൽ പ്രവർത്തിക്കാത്ത ​മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ്​ വാദം.

​വീഡിയോ പ്രചരിച്ചതോടെ ട്വിറ്റർ ഇന്ത്യക്കെതിരെയും മാധ്യമപ്രവർത്തകർ, കോൺഗ്രസ്​ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും യു.പി പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ പൊലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നാണ് ട്വിറ്ററിനുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായിരുന്നു ഗാസിയാബാദ് സംഭവം. ട്വിറ്റർ പുതിയ ഐ.ടി നയം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ഐടി നിയമ പ്രകാരമുളള മാർഗനിർദേശങ്ങൾ നടപ്പാക്കിയോ എന്ന കാര്യം വിശദീകരിക്കാന്‍ ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാര്‍ലമെന്‍ററി സമിതിക്കു മുന്നില്‍ ഹാജരാകും. 

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News