കോവിഡ് രണ്ടാം തരംഗം: യു.പിയിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് മാസ്ക് ധരിപ്പിച്ചു
യു.പിയിൽ മാസ്ക് ധരിക്കാതിരുന്നാൽ 10,000 രൂപ വരെ പിഴ
കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി വ്യാപിച്ചിരിക്കെ ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് മാസ്ക് ധരിപ്പിച്ചു. യു.പി കാണ്‍പൂരിലാണ് ഹിന്ദു ആരാധനാ വിഗ്രഹങ്ങൾക്ക് കോവിഡില്‍ നിന്നും രക്ഷനേടാനായി മാസ്ക് ധരിപ്പിച്ചത്. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു.
അതെ സമയം യു.പിയിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ശിക്ഷയുമായി യോഗി ആദിത്യനാഥ് സർക്കാർ രംഗത്തുവന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയൊടുക്കണം. ഞായറാഴ്ചകളിൽ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ മാത്രമേ ലോക്ഡൗൺ ദിനത്തിൽ അനുവദിക്കു. മെയ് 15 വരെ സ്കൂളുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യു.പിയിൽ 22,439 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 104 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.