ഡ്രൈവിങിനിടയിൽ ഫോൺ റിങ് ചെയ്‌തോ? ബുദ്ധിമുട്ടേണ്ട ഗൂഗിൾ മറുപടി നൽകും
ഗൂഗിൾ പുറത്തിറക്കിയ ഡ്രൈവിങ് മോഡ് അസിസ്റ്റന്‍റ് ഇനി മുതൽ ഇന്ത്യയിലും ലഭ്യമാകും
ഡ്രൈവിങിനിടയിൽ ഫോൺ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഗൂഗിൾ പുറത്തിറക്കിയ ഡ്രൈവിങ് മോഡ് അസിസ്റ്റന്‍റ് ഇനി മുതൽ ഇന്ത്യയിലും ലഭ്യമാകും. ഇന്ത്യ, ഓസ്‌ട്രേലിയ, യു.കെ, അയർലൻഡ്, സിംഗപ്പോർ എന്നീ രാജ്യങ്ങളിലാണ് പുതിയ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചത്. അമേരിക്കയിലാണ് സംവിധാനം ആദ്യം അവതരിപ്പിച്ചത്.
ഡ്രൈവിങ് മോഡ് ഓൺ ചെയ്തു കഴിഞ്ഞാൽ ഡ്രൈവിങിനിടയിൽ വരുന്ന കോളുകൾ എടുക്കുവാനും ഒഴിവാക്കുവാനും വാഹനം നിർത്തി സ്‌ക്രീനിലേക്ക് നോക്കണ്ട ഗൂഗിളിനോട് സ്വന്തം ശബ്ദത്തിൽ പറഞ്ഞാൽ മതി. മാത്രമല്ല ടെക്സ്റ്റ് മെസേജുകൾ ഉച്ചത്തിൽ ഗൂഗിൾ തന്നെ വായിച്ചുതരും. നമ്മുടെ ഉത്തരം ഗൂഗിളിനോട് പറഞ്ഞാൽ മതി ഗൂഗിൾ മറുപടി അയച്ചോളും. മാത്രമല്ല ആവശ്യമെങ്കിൽ നല്ലൊരു പാട്ട് വയ്ക്കാൻ ആവശ്യപ്പെട്ടാൽ ഗൂഗിൾ ചെയ്‌തോളും.
ഡ്രൈവിങ് അസിസ്റ്റന്‍റ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ഈ സർവീസ് തുടങ്ങാനായി ഗൂഗിൾ മാപ്പിൽ പോയി നാവിഗേഷൻ ക്രമീകരിച്ചാൽ ഡ്രൈവിങ് അസിസ്റ്റന്റിന്റെ ഒരു പോപ്പ് അപ്പ് വിൻഡോ വരും. അതിൽ ഓൺ ചെയ്യാം. അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് സെറ്റിങ്‌സിൽ 'ട്രാൻസ്‌പോർട്ടേഷൻ' സെറ്റിങ്‌സിൽ ഡ്രൈവിങ് മോഡ് ഓണാക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റിനോട് തന്നെ പറഞ്ഞാൽ മതി സെറ്റിങ്‌സ് തുറന്ന് ഫീച്ചർ ഓൺ ചെയ്യാൻ സാധിക്കും.