അനധികൃത സാമ്പത്തിക ഇടപാട്: ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു
ചിട്ടി തട്ടിപ്പ് സംബന്ധിച്ചും പരിശോധന
കൊച്ചി: അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ചിട്ടി തട്ടിപ്പ് സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്.
നേരത്തെ തന്നെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതി ഇഡിക്ക് ലഭിച്ചിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകൾ നടക്കുന്നതെന്നും പരാതിയിലുണ്ട്. ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇ.ഡി ചോദിച്ചറിയുമെന്നാണ് ലഭിക്കുന്ന വിവരണം. രാജ്യത്ത് ഉടനീളം 420 ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.
. ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ച വാര്‍ത്ത നേരത്തെ മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു നടപടി. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇടപെടലിന്റെ രേഖകളും പുറത്ത് വന്നിരുന്നു. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടായിട്ടാണ് ഗോകുലം ഗോപാലനെതിരെ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്.