സനു മോഹനനെ കൊച്ചിയിലെത്തിച്ചു; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് മാധ്യമങ്ങളെ കാണും

മകളുടെ മരണത്തിന് പിറകെ ഒളിവിൽ പോയ സനു മോഹനനെ ഇന്നലെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്.

Update: 2021-04-19 01:30 GMT
By : Web Desk
Advertising

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പിതാവ് സനു മോഹനനെ കൊച്ചിയിലെത്തിച്ചു. മകളുടെ മരണത്തിന് പിറകെ ഒളിവിൽ പോയ സനു മോഹനനെ ഇന്നലെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യൽ ഇന്നും തുടരും.

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ അപ്രത്യക്ഷനായ സനു മോഹന്‍ കര്‍ണാടകയിലെ മൂകാംബികയിലുണ്ടെന്ന നിര്‍ണായക വിവരമാണ് കേസിന് വഴിത്തിരിവുണ്ടാക്കിയത്. മൂകാംബികയിലെ ലോഡ്ജില്‍ ആറ് ദിവസം താമസിച്ച സനുമോഹന്‍ ബില്‍ തുക നല്‍കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യം പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് ഇത് സനുമോഹനാണെന്ന് വ്യക്തമായത്.

പിന്നീട് സനുമോഹനെ വലയിലാക്കാന്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടന്നത്. സനുമോഹന്‍ മൂകാംബികയില്‍ നിന്ന് ഉഡുപ്പിയിലേക്ക് നീങ്ങിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്ന് സനുമോഹനെ പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്‍റെ അംശമുണ്ടായിരുന്നു എന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

സനുമോഹന്‍ കസ്റ്റഡിയിലായതോടെ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും. 

Tags:    

By - Web Desk

contributor

Similar News