''സോറി, അറിയില്ലായിരുന്നു'': മോഷ്ടിച്ച കോവിഡ് വാക്സിന്‍ കള്ളന്‍ തിരിച്ചേല്‍പ്പിച്ചു

ബാഗ് തിരിച്ചേല്‍പ്പിക്കുക മാത്രമല്ല, തനിക്ക് സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ബാഗിനൊപ്പം വെച്ചാണ് കള്ളന്‍ മടങ്ങിപ്പോയത്

Update: 2021-04-23 04:06 GMT
By : Web Desk
Advertising

ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് 1710 ഡോസ് കോവിഡ് വാക്സിന്‍ മോഷണം പോയത്. വാക്സിന്‍ ക്ഷാമം രൂക്ഷമായതിനിടെ വാക്സിന്‍ മോഷണം പോയത് രാജ്യമെങ്ങും വലിയ വാര്‍ത്തയായിരുന്നു. പി പി സെന്‍റര്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് വാക്സിന്‍ മോഷ്ടിക്കപ്പെട്ടത്. എന്നാല്‍ സ്റ്റോര്‍ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നുമില്ല.

എന്നാലിപ്പോള്‍ താന്‍ മോഷ്ടിച്ച കോവിഡ് വാക്സിന്‍ തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ് ആ കള്ളന്‍. താന്‍ മോഷ്ടിച്ച ബാഗില്‍ കോവിഡ് വാക്സിനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസ്സുമാറി ബാഗ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു കള്ളന്‍. ബാഗ് തിരിച്ചേല്‍പ്പിക്കുക മാത്രമല്ല, തനിക്ക് സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ബാഗിനൊപ്പം വെച്ചാണ് കള്ളന്‍ മടങ്ങിപ്പോയത്. കോവി ഷീല്‍ഡ്, കോ വാക്സിന്‍ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് പുറത്തുള്ള ഒരു ചായക്കടയിലാണ് ഈ ബാഗ് മോഷ്ടാവ് തിരിച്ചേല്‍പിച്ചത്. സോറി, ഇത് കൊറോണയ്ക്കുള്ള മരുന്നാണെന്ന് എനിക്കറിയില്ലായിരുന്നു എന്നാണ് ബാഗിനൊപ്പമുള്ള കുറിപ്പില്‍ കള്ളന്‍ എഴുതിയിരുന്നത്. ഹിന്ദിയിലായിരുന്നു കത്ത് എഴുതിയിട്ടുള്ളത്.

പോലീസിനായി ഭക്ഷണം എത്തിക്കുന്നയാളാണെന്ന് പറഞ്ഞാണ് മോഷ്ടാവ് ബാഗ് കടയില്‍ ഏല്‍പ്പിച്ചു പോയത്. പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാലാണ് ബാഗ് കടയില്‍ ഏല്‍പിക്കുന്നതെന്നും ഇതൊന്ന് സ്റ്റേഷനില്‍ എത്തിക്കണമെന്നും മോഷ്ടാവ് കടയിലുള്ളവരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു. തുടർന്ന്​ പൊലീസെത്തി പരിശോധിച്ചപ്പോഴാണ്​ മോഷണം പോയ വാക്​സിനാണെന്ന്​ തിരിച്ചറിഞ്ഞത്​. ജിന്ദ്​ ജനറൽ ആശുപത്രിയിലെ സ്​റ്റോർ മുറിയിൽ മോഷണം നടത്തിയതിന്​ കേസെടുത്തതായി പൊലീസ്​ പറഞ്ഞു.

Tags:    

By - Web Desk

contributor

Similar News