ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു
ഖത്തറിൽ ഒരാളും കുവൈത്തിൽ രണ്ടുപേരുമാണ് മരിച്ചത്
ഗൾഫിൽ കഴിഞ്ഞ ദിവസം മൂന്ന് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു. ഖത്തറിൽ ഒന്നും കുവൈത്തിൽ രണ്ടും പേരാണ് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് നാദാപുരം വാണിമേൽ തെരുവൻപറമ്പ് സ്വദേശി ജമാൽ(51) ആണ് ഖത്തറിൽ മരിച്ചത്. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കും.
കുവൈത്തിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാഴഞ്ചിറ സ്വദേശി ഹംസ, ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജ് എന്നിവരാണ് മരിച്ചത്. സ്പീഡക്‌സ് കാർഗോ ഉടമയായ ഹംസ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. നഴ്‌സായിരുന്ന ലൗലി മനോജിന് അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം കുവൈത്തിൽ സംസ്‌കരിച്ചു.
ഖത്തറിൽ മലയാളിയുൾപ്പെടെ അഞ്ചുപേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 418 ആയി. യുഎഇയിൽ ഇന്നലെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണസംഖ്യ 1,569 ആയി.