ഒമാനില്‍ പുതിയ തൊഴില്‍ വിസ നിയമം വന്നോ? നവമാധ്യമങ്ങളിലെ പ്രചാരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്...
പുതിയ വിസാ നിയമം നിലവിൽ വന്നതായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥയുടെ പ്രതികരണം
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വിസാ നടപടികള്‍ക്കായി മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം എക്‌സ്-റേ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണം. എന്നാല്‍ നിയമം നേരത്തെയുള്ളതാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു. പുതിയ വിസാ നിയമം നിലവിൽ വന്നതായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥയുടെ പ്രതികരണം.
ഒമാനിൽ തൊഴിൽ വിസ നേടുന്നതിന് രണ്ട് തരം മെഡിക്കൽ റിപ്പോർട്ടുകളാണ് ആവശ്യം. നാട്ടിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് നേടി തൊഴിൽ വിസ നേടി ഒമാനിലെത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇന്ത്യയിലെ ഒമാൻ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറലിന്‍റെ അംഗീകാരമുള്ള വിവിധ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിസ ലഭിച്ചവരാണിവർ. ഇത്തരക്കാർ റസിഡൻറ് കാർഡെടുക്കുന്ന വേളയിൽ എക്സ് റേ റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ല.
എന്നാൽ വിസിറ്റ് വിസയിൽ ഒമാനിലെത്തി തൊഴിൽ വിസയിലേക്ക് മാറുന്നവർ വിസ പുതുക്കണമെങ്കിൽ എക്സ്റേ റിപ്പോർട്ടും സമർപ്പിക്കണം. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമാണ് എക്സ്റേ റിപ്പോർട്ട് നേടേണ്ടത്. ഇതിന് പുറമെ വിസ പുതുക്കുമ്പോഴും എക്സ്റേ റിപ്പോർട്ട് നൽകണം.