ഒമാനിലെ സ്വദേശിവത്കരണത്തിൽ വൻ കുതിപ്പ്
70 ശതമാനത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും 99 ശതമാനത്തിലധികം സ്വദേശിവത്കരണം പൂർത്തിയായതായി സിവിൽ സർവിസ് മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
ഒമാനിലെ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിൽ വൻകുതിപ്പ്. 70 ശതമാനത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും 99 ശതമാനത്തിലധികം സ്വദേശിവത്കരണം പൂർത്തിയായതായി സിവിൽ സർവിസ് മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
പൂർണ സ്വദേശിവത്കരണത്തിനോട് അടുത്ത് നിൽക്കുന്ന 28 പൊതുമേഖലാ ഏജൻസികളിലായി 133 വിദേശികളാണ് ജോലിയെടുക്കുന്നത്. മന്ത്രാലയങ്ങളും പൊതു അതോരിറ്റികളും കൗൺസിലുകളുമായി 39 സർക്കാർ ഏജൻസികളാണ് നിലവിൽ ഒമാനിൽ ഉള്ളത്. ടൂറിസം മന്ത്രാലയം, നാഷനൽ മ്യൂസിയം, ദേശീയ സ്ഥിതി വിവര കേന്ദ്രം, സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്, എസ്.എം.ഇ വികസന പൊതു അതോരിറ്റി, ഗവർണറേറ്റ് ഒാഫ് മസ്കത്ത് തുടങ്ങിയ 11 സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം പൂർണമായിട്ടുണ്ട്. 16 സർക്കാർ സ്ഥാപനങ്ങളിൽ അഞ്ചിൽ താഴെ വിദേശികൾ മാത്രമാണ് ഉള്ളത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ഉള്ളത്. മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ 13.9 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 11.7 ശതമാനവും വിദേശ തൊഴിലാളികളുണ്ട്. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് 58,303 വിദേശ തൊഴിലാളികളാണ് സർക്കാർ,പൊതുമേഖലാ വിഭാഗത്തിൽ ജോലി ചെയ്യുന്നതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു