ഒമാനില്‍ പുതിയ കോളേജുകള്‍ക്കുള്ള നിരോധനം നീട്ടി
ഒമാനിൽ പുതിയ സ്വകാര്യ കോളജുകളും സർവകലാശാലകളും അനുവദിക്കുന്നതിനുള്ള നിരോധനം നീട്ടാൻ എജ്യുക്കേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടുത്ത മൂന്ന് വർഷത്തേക്ക് കൂടി നിരോധം നീട്ടാൻ എജ്യുക്കേഷൻ കൗൺസിലിെൻറ യോഗമാണ് തീരുമാനമെടുത്തത്.
ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് യോഗം നടന്നത്. 2040ലേക്കുള്ള ദേശീയ വിദ്യാഭ്യാസ കർമ പരിപാടിയും യോഗം ചർച്ച ചെയ്തു. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ അവസ്ഥ സംബന്ധിച്ച് സെക്രേട്ടറിയറ്റ് ജനറൽ തയാറാക്കിയ റിപ്പോർട്ടും കൗൺസിൽ ചർച്ച ചെയ്തു. ഈ വിഭാഗത്തിലുള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ വിവിധ മന്ത്രാലയങ്ങളും സർക്കാർ വിഭാഗങ്ങളും കൈകൊണ്ട നടപടികളും യോഗം അവലോകനം ചെയ്തു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ സേവനങ്ങൾ ഉറപ്പാക്കാനും ഭാവിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് അവരെ രൂപപ്പെടുത്തിയെടുക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നിർദേശങ്ങളും എജ്യുക്കേഷൻ കൗൺസിൽ നൽകി. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വിഷയത്തിൽ ദേശീയ കർമ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ ഈ പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടത്തിലാകും നടക്കുക. മുസന്ദമിൽ ടെക്നികൽ കോളജ് സ്ഥാപിക്കുന്നത് സംബന്ധിച്ച മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടും യോഗം അവലോകനം ചെയ്തു.