മദ്യശാലവിരുദ്ധ സമരം സ്വകാര്യ മദ്യമുതലാളികള്‍ക്ക് വേണ്ടി; ആരോപണവുമായി ബിവറേജസ് എം.ഡി
ആരാധനാലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സൈര്യജീവതത്തിന് തടസമാകുന്നു എന്നീ സമരക്കാരുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് എം.ഡി.
മദ്യശാലവിരുദ്ധ സമരം സ്വകാര്യ മദ്യമുതലാളികള്‍ക്ക് വേണ്ടിയെന്ന ആരോപണവുമായി ബിവറേജസ് എം.ഡി.എച് വെങ്കിടേഷ്. മുട്ടത്തറ ബിവറേജ് സമരത്തെക്കുറിച്ച് എക്സൈസ് മന്ത്രിയുടെ ഓഫീസിനും നികുതി സെക്രട്ടറിക്കും നല്‍കിയ കത്തിലാണ് ബിവറേജസ് എം.ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുന്നതായി നല്‍കിയ വിശദീകരണത്തിലാണ് ബിവറേജസ് എം.ഡി എച്.വെങ്കിടേഷ് മുട്ടത്തറയിലെ മദ്യശാല വിരുദ്ധ സമരത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി കത്തി നല്‍കിയത്.
ആരാധനാലായങ്ങളില്‍ നിന്നുള്ള ദൂരപരിധി ഉള്‍പ്പെടെ ചട്ടങ്ങള്‍പാലിച്ചാണ് ഈ വര്‍ഷം മാര്‍ച്ച 23 ന് ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങിയത്. ആരാധനാലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സൈര്യജീവതത്തിന് തടസമാകുന്നു എന്നീ സമരക്കാരുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. ഷോപ്പിന്‍റെ പ്രവര്‍ത്തനം മൂലം സമീപത്തെ സ്വകാര്യ മദ്യവില്പനശാലകള്‍ക്ക് വില്പന കുറവുണ്ടായി. സ്വകാര്യ മദ്യലോബികളുടെ ഇടപെടല്‍ മൂലമാണ് സമരം നടക്കുന്നതെന്ന ആരോപണമാണ് ബിവറേജസ് എം.ഡി ഉന്നയിക്കുന്നത്. പ്രതിദിനം 15 ലക്ഷം രൂപ വിറ്റുവരവും അതിലൂടെ 12 ലക്ഷം രൂപ ഖജനാവിലേക്ക് നല്‍കുന്നതുമായ സ്ഥാപനം അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നും വെങ്കിടേഷ് കത്തില്‍ പറയുന്നു. എന്നാല്‍ എം.ഡി യുടെ ആരോപണത്തെ തള്ളുകയാണ് മദ്യശാല വിരുദ്ധ സമര സമിതി.
വി.എം.സുധീരന്‍ അടക്കം പൊതുപ്രവര്‍ത്തകരും ബിവറേജസ് എം.ഡിയുടെ ആരോപണത്തിനെതിരെ രംഗത്തുവന്നു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 30 ന് ദേശീയ പാത ഉപരോധിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. മുട്ടത്തറ ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിന് നേരെ എതിര്‍വശത്താണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്.