ഡല്‍ഹിയില്‍ ഭരണം നടത്തുന്നതിന് നൊബേല്‍ സമ്മാനം തരണം- അരവിന്ദ് കെജ്‌രിവാള്‍
ജല ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ എ.എ.പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹി: കേന്ദ്രവുമായുള്ള തര്‍ക്കത്തിനിടയിലും ഡല്‍ഹിയില്‍ ഭരണം നടത്തുന്നതിന് തനിക്ക് നൊബേല്‍ സമ്മാനം തരേണ്ടതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജല ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ എ.എ.പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡല്‍ഹിയില്‍ ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കുന്നത് ബി.ജെ.പി തടയാന്‍ ശ്രമിക്കുകയാണ്. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്കും അവരുടെ മക്കളുടെ അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഡല്‍ഹിയിലെ സര്‍ക്കാരിനെ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എനിക്ക് മാത്രമേ അറിയാവൂ. ശരിക്കും എനിക്ക് നൊബേല്‍ പുരസ്‌കാരം നല്‍കണം'. എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.
കുടിശ്ശികയുള്ള വാട്ടര്‍ ബില്ലുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് എ.എ.പി യെ തടസ്സപെടുത്തിയതിന് കേന്ദ്രത്തെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രത്തെ ഭയന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എ.എ.പി സര്‍ക്കാരില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കുന്നില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
'ഡല്‍ഹി ജല ബോര്‍ഡ് പുതിയ പദ്ധതി പാസാക്കി. ഇനി മന്ത്രിസഭയില്‍ പാസാകേണ്ടതുണ്ട്. എന്നാല്‍ ആ പദ്ധതി തടയാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറോട് ബി.ജെ.പി ആവശ്യപ്പെട്ടു. ഓഫിസര്‍മാരെ ഭയപ്പെടുത്തി. അവര്‍ കരയുകയാണ്. എന്തുകൊണ്ട് ബില്ലുകള്‍ കൊണ്ടുവരുന്നില്ലെന്ന് എ.എ.പി മന്ത്രിമാര്‍ ചോദിക്കുമ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഭീഷണി. മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും പോലെ ഇ.ഡിക്കും സി.ബി.ഐക്കും കള്ളക്കേസുകള്‍ ചുമത്തി ആരെ വേണമെങ്കിലും ജയിലില്‍ അടക്കാന്‍ സാധിക്കും' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റായ ജല ബില്ലുകള്‍ അടക്കരുതെന്നും അത് കീറി കളയണമെന്നും കെജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ജല ബില്ലിനെതിരെ എ.എ.പി എം.എല്‍.എമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. അടക്കാത്ത വെള്ളത്തിന്റെ ബില്ലുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കണമെന്നും നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.