മുസ്‌ലിം വോട്ട് പിളർത്തിയോ? യു.പിയിൽ ഉവൈസി വന്നിട്ട് എന്തുണ്ടായി? അസംഗഢ് ഫോർമുലക്ക് എന്തു സംഭവിച്ചു?

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കാലങ്ങളായി സമാജ്വാദി പാർട്ടി പയറ്റുന്ന യാദവ-മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയത്തിനെതിരെ മുസ്ലിം-ദലിത് സമുദായങ്ങളെ അണിനിരത്തിയായിരുന്നു ഇക്കുറി ഉവൈസിയുടെ പോരാട്ടം. അസംഗഢ് ഫോർമുലയെന്ന് ഉവൈസി വിളിച്ച തന്ത്രം ഇത്തവണ യു.പിയിൽ എന്ത് ചെയ്തു?

Update: 2022-03-10 16:38 GMT
Editor : Shaheer | By : Web Desk
Advertising

ഇത്തവണ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിലാണ് അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) സ്ഥാനാർത്ഥികളെ നിർത്തിയത്. ബി.എസ്.പി നേതാവ് മായാവതിയുടെ വിശ്വസ്തനായിരുന്ന മുൻമന്ത്രി ബാബു സിങ് ഖുഷ്‍വാഹയെ കൂട്ടുപിടിച്ച് മൂന്നാം മുന്നണി പ്രഖ്യാപിച്ചായിരുന്നു ഉവൈസി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.

ഖുഷ്‍വാഹയുടെ ജൻ അധികാർ പാർട്ടി, ഭാരത് മുക്തി മോർച്ച എന്നിവയുായി ചേർന്ന് ഭാഗീധരി പരിവർത്തൻ മോർച്ച എന്ന പേരിലായിരുന്നു 'മൂന്നാം മുന്നണി'യുടെ പോരാട്ടം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വോട്ട്‌ഷെയറിൽ നേരിയ വ്യത്യാസമുണ്ടായതൊഴിച്ചാൽ സംപൂജ്യരായി തുടരുകയാണ് എ.ഐ.എം.ഐ.എം. പാർട്ടി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അസംഗഢിലെ മുബാറക്പൂരിലും കാര്യമായ ഓളം സൃഷ്ടിക്കാൻ ഉവൈസിക്കായില്ല.

രണ്ടു ലക്ഷത്തിൽനിന്ന് 22 ലക്ഷത്തിലേക്ക്; അപ്പോഴും സീറോ തന്നെ

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉത്തരേന്ത്യൻ പരീക്ഷണത്തിന്റെ ഭാഗമായി എ.ഐ.എം.ഐ.എം യു.പിയിലെത്തുന്നത്. കന്നിയങ്കത്തിൽ 38 സീറ്റിലാണ് പാർട്ടി സ്ഥാനാർത്ഥികളെ ഇറക്കിയത്. എന്നാൽ, അക്കൗണ്ട് തുറക്കാനായില്ലെങ്കിലും രണ്ടു ലക്ഷം വോട്ട് ഉവൈസിയുടെ പാർട്ടി സ്വന്തമാക്കി.

ഇത്തവണ പക്ഷെ നൂറ് സീറ്റിലാണ് പരീക്ഷണം തുടർന്നത്. പുതിയ മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഫലം സീറോയായിരുന്നു. കഴിഞ്ഞ തവണത്തെ രണ്ടു ലക്ഷത്തിൽനിന്ന് 22.3 ലക്ഷമായി വോട്ട് വർധിച്ചു, വോട്ട്‌ഷെയർ ചെറിയ നിലയിൽ കൂടിയെന്നു മാത്രമാണ് ഉവൈസിക്ക് ഇത്തവണ ആശ്വസിക്കാനുള്ളത്. ബി.എസ്.പി മുൻ നേതാവ് ഗുദ്ദു ജമാലിയെ ഇറക്കിയ അസംഗഢിലെ മുബാറക്പൂരിലൂടെ എ.ഐ.എം.ഐ.എം അക്കൗണ്ട് തുറക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ലക്ഷ്യംകാണാനായില്ല.


മിക്ക മണ്ഡലങ്ങളിലും 5,000ത്തിലേറെ പോലും വോട്ട് നേടാൻ എ.ഐ.എം.ഐ.എമ്മിനായില്ല. 0.43 ആണ് ഇത്തവണത്തെ വോട്ട്‌ഷെയർ. വിവിധ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഇങ്ങനെയാണ്:

കമർ കമാൽ-1,368(അസംഗഢ്), ഉമൈർ മദനി-3,145(ദയൂബന്ദ്), അഭയ്‌രാജ്-1,340(ജോൻപൂർ), മോയ്‌നുദ്ദീൻ-754(കാൺപൂർ കന്റോൺമെന്റ്), സൽമാൻ-463(ലഖ്‌നൗ സെൻട്രൽ), റാഷിദ്-1,266(മൊറാദാബാദ്), മൊഹിദ് ഫർഗാനി-1,771(മൊറാദാബാദ് റൂറൽ), ഇംറാൻ അഹ്‌മദ്-2,405(മീററ്റ്), അബ്ദുറഹ്‌മാൻ അൻസാരി-2,116(നിസാമാബാദ്), മുഹമ്മദ് ഇൻതിസാർ-2,642(മുസഫർനഗർ), മുഹമ്മദ് റഫീഖ്-1,363(സന്ധില), ഇർഫാൻ 4,886(ടാൻഡ), യോർ മുഹമ്മദ്-571(സിറാത്തു), റഷീദ് ജമീൽ-1,747(ബഹ്‌റായിച്ച്).

അസംഗഢ് ഫോർമുല എന്തായി?

''2019ൽ ഞാൻ ഹൈദരാബാദിൽനിന്നുള്ള പാർലമെൻറ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത് ദൈവത്തിന്റെയും ഭരണഘടനയുടെയും പേരിലായിരുന്നു. പക്ഷേ, അപ്പോൾ ബിജെപി അംഗങ്ങൾ ശബ്ദമുണ്ടാക്കാൻ തുടങ്ങി. എന്നാൽ ഞാൻ 'ജയ് ഭീം എന്നു വിളിച്ചതോടെ അവരുടെ അപശബ്ദം നിലച്ചു. എങ്ങനെയാണ് ആ സമയത്ത് ജയ് ഭീം വിളിക്കാൻ തോന്നിയതെന്ന് അവർ പിന്നീട് എന്നോട് ചോദിച്ചിരുന്നു. അംബേദ്കർ എന്റെ മനസ്സിലല്ല, ഹൃദയത്തിലാണെന്ന് ഞാൻ അവരോട് പറഞ്ഞു. അസംഗഢിലെ മുബാറക്പൂരിലെ ഏതെങ്കിലും ദലിതൻ സംരക്ഷണത്തിനായും അംബേദ്കറുടെ ഭരണഘടന നിലനിർത്താനുമായി സഹായം തേടിയാൽ ഞാൻ കൂടെ നിൽക്കും...''


ഇത്തവണ യു.പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉവൈസി നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്. ഇതേരീതിയിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കാലങ്ങളായി സമാജ്വാദി പാർട്ടി പയറ്റുന്ന മുസ്ലിം-യാദവ വോട്ടുബാങ്ക് രാഷ്ട്രീയത്തിനെതിരെ മുസ്ലിം-ദലിത് സമുദായങ്ങളെ അണിനിരത്തിയായിരുന്നു ഇക്കുറി ഉവൈസിയുടെ പോരാട്ടം. അസംഗഢ് ഫോർമുലയെന്ന് അദ്ദേഹം വിളിക്കുന്ന തന്ത്രം പക്ഷെ ഒരിളക്കവും ഉണ്ടാക്കിയില്ലെന്നാണ് ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.

മുസ്ലിംഭൂരിപക്ഷ മേഖലയായ ഇവിടങ്ങളിൽ കാലങ്ങളായി എസ്.പിക്കാണ് കൂടുതൽ സ്വാധീനം. എന്നാൽ, അംബേദ്കറെ മുൻനിർത്തിയായിരുന്നു ഉവൈസി തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചത്. ഇതുവഴി എസ്.പിയുടെ പരമ്പരാഗതവോട്ട് ഇളക്കാനാകുമെന്ന തരത്തിൽ നിരീക്ഷണമുണ്ടായി. എന്നാൽ, എസ്.പിയുടെ വോട്ടുബാങ്കിലും കാര്യമായി വിള്ളലുണ്ടാക്കാൻ ഉവൈസിക്കായില്ലെന്ന് ഫലത്തിൽനിന്ന് വ്യക്തമാണ്.

Summary: Did the Muslim vote split? What happened when Owaisi came to UP? What happened to the Azamgarh formula?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News