'കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു'; ലീഗുമായി ഒന്നിച്ചുപോകണമെന്ന നിലപാടിനെ സ്വാഗതം ചെയ്ത് പി.കെ അബ്ദുറബ്ബ്

'സമുദായത്തിനകത്തും, സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്'.

Update: 2023-06-29 12:00 GMT
Editor : Sikesh | By : Web Desk

Kanthapuram

Advertising

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാവും സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ അബ്ദുറബ്ബ്. സമുദായത്തിനകത്തും, സമുദായങ്ങൾ തമ്മിലും വിള്ളലുകൾ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതൻമാർക്കുണ്ട്. ശൈഖുന കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊർജ്ജവും നൽകുന്ന ശൈഖുന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിലപാടിനെ സഹർഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ! എന്നായിരുന്നു അബ്ദുറബ്ബിന്റെ വാക്കുകൾ. നേരത്തെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുന്നികൾ ഐക്യപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്നും കാന്തപുരം വ്യക്തമാക്കിയത്. ഈ അഭിമുഖത്തിന്റെ വാർത്ത അടക്കം പങ്കുവെച്ചായിരുന്നു അബ്ദുറബ്ബ് കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്തത്.

Full View

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാന്തപുരം വിഭാഗവും മുസ്‌ലിം ലീഗും തമ്മിൽ ശത്രുതയിലായിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തൻറെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

'എനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാൻ വന്നു. ഇവിടെ എപ്പോഴും മുസ്‌ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ചു മുന്നോട്ടു പോയാൽ മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകൾ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.'' കാന്തപുരം പറഞ്ഞു.


Full View

നമ്മുടെ ഇന്ത്യാ രാജ്യമാകട്ടെ മറ്റെവിടെയാകട്ടെ മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ല. ഓരോ ആളുകൾക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിവിടെ നിലനിൽക്കുകയും എല്ലാവരും സപ്പോർട്ട് നൽകുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ മതവിദ്വേഷം വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഒരിക്കലും ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാർട്ടിക്കും മുസ്‌ലിംകൾക്കും ഗുണമുണ്ടാക്കില്ല. ആർക്കും അതുകൊണ്ട് ഗുണമുണ്ടാകില്ല. ഈ സംഘട്ടനം ഒഴിവാക്കാൻ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യർഥിക്കുന്നതായും കാന്തപുരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News