''മൂന്നു മണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്താം''; ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി പി.വി അൻവർ എം.എൽ.എ

2012ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യു.ഡി.എഫ് കൊണ്ടുവന്ന അതിവേഗ റെയിൽ കോറിഡോർ പദ്ധതിയെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്

Update: 2022-03-22 16:47 GMT
Editor : Shaheer | By : Web Desk
Advertising

അതിവേഗ റെയിൽ കോറിഡോറുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി പി.വി അൻവർ എം.എൽ.എ. മൂന്നു മണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്താവുന്ന പദ്ധതിയാണെന്നാണ് ഉമ്മൻചാണ്ടിയുടെ കുറിപ്പിൽ അവകാശപ്പെടുന്നത്. കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴാണ് പഴയ ഫേസ്ബുക്ക് കുറിപ്പ് തിരിഞ്ഞുകുത്തുന്നത്.

2012ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യു.ഡി.എഫ് കൊണ്ടുവന്ന അതിവേഗ റെയിൽ കോറിഡോർ പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 527 കിലോമീറ്റർ ദൂരമുള്ള റെയിൽ പദ്ധതിക്ക് 1,18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് മൂന്ന് മണിക്കൂർ കൊണ്ട് എത്താം. കൊല്ലത്തിന് 15 മിനിറ്റും കൊച്ചിക്ക് 53 മിനിറ്റും മതി. അതിവേഗ റെയിൽ കോറിഡോർ പദ്ധതി സംബന്ധിച്ച തീരുമാനം വിശദമായ ചർച്ചകൾക്കുശേഷമേ ഉണ്ടാകൂവെന്നും ഇതേക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റുമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

''ചാണ്ടി സെറിന്റെ കൂടി സ്വപ്നപദ്ധതിയാണിത്. റീച്ച് തീരെ കുറവാണ്. അദ്ദേഹമൊക്കെ ഒരു നിലപാട് പറഞ്ഞാൽ പറഞ്ഞതാ!?

എല്ലാവരും അകമഴിഞ്ഞ് അദ്ദേഹത്തിന്റെ പോസ്റ്റ് പ്രോത്സാഹിപ്പിക്കണമെന്ന് കെ-റെയിൽ സമിതിക്ക് വേണ്ടി വിനീതമായി അഭ്യർത്ഥിക്കുന്നു..''-ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കിട്ട് പി.വി അൻവർ എം.എൽ.എ പറഞ്ഞു.

Summary: PV Anwar MLA reshares Oommen Chandy's old Facebook post on high-speed rail project

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News