ഖത്തര്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി
തൊഴില്‍-സാമൂഹ്യ ക്ഷേമം, വാണിജ്യ-വ്യവസായം, ഊര്‍ജ്ജം, നീതിന്യായം എന്നീ വകുപ്പുകളിലാണ് മാറ്റം.
മന്ത്രിസഭയില്‍ സുപ്രധാന അഴിച്ച് പണി നടത്തി കൊണ്ട് ഖത്തര്‍ അമീര്‍ ഉത്തരവ് ഇറക്കി. വാണിജ്യം, മുന്‍സിപ്പല്‍, കാര്‍ഷികം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകളിലാണ് പ്രധാനമായും അഴിച്ച് പണി നടന്നത്. ദീവാനെ അമീരിയില്‍ നടന്ന ചടങ്ങളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു.
സുപ്രധാന വകുപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള മന്ത്രിസഭാ പുനസംഘടനയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നടത്തിയത്. തൊഴില്‍-സാമൂഹ്യ ക്ഷേമം, വാണിജ്യ-വ്യവസായം, ഊര്‍ജ്ജം, നീതിന്യായം എന്നീ വകുപ്പുകളിലാണ് മാറ്റം.
ഡോ.ഈസ ബിന്‍ സഅദ് അല്‍ജഫാലി അന്നുഐമിയാണ് പുതിയ നിയമ മന്ത്രി. അധിക ചുമതലയായി കാബിനറ്റ് വകുപ്പും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അബ്ദുല്ല ബിന്‍ അഹബ്ദുല്‍ അസീസ് അല്‍തുര്‍ക്കിയാണ് മുന്‍സിപ്പല്‍ കാര്‍ഷിക വകുപ്പ് മന്ത്രി. അലി ബിന്‍ അഹ്മദ് അല്‍കുവാരിയെ വാണിജ്യ-സാമ്പത്തിക വകുപ്പ് മന്ത്രിയായി നിയമിച്ചു. യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ അല്‍ഫഖ്റുവാണ് തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സഅദ് ബിന്‍ ശരീദ അല്‍കഅബിയെ ഊര്‍ജ്ജ വകുപ്പ് സഹമന്ത്രിയായി നിയമിച്ചു.
പദവി ഒഴിയുന്ന മന്ത്രിമാരുടെ സേവനത്തിന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന നാസര്‍ ആല്‍ഥാനി നന്ദി പറഞ്ഞു. പുതുതായി പദവി ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് കൃത്യ നിര്‍വഹണം ഭംഗിയായി നടത്താന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.