പ്രധാനമന്ത്രിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി

ബി.ജെ.പി എം.പിയായ നിശികാന്ത് ദുബെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകിയത്.

Update: 2023-02-12 16:23 GMT
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി. ബി.ജെ.പി എം.പിയായ നിശികാന്ത് ദുബെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകിയത്. ബുധനാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായിയായ ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫെബ്രുവരി ഏഴിന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുലിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കിയിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും രാഹുൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാദം.

മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് അദാനിയുടെ വ്യവസായലോകം വൻതോതിൽ വളർന്നതെന്നും ഇതിന് പിന്നിൽ മോദിയുടെ സഹായമാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ അദാനിയുടെ ദ്രുതിഗതിയിലുള്ള വളർച്ചയെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നു. 2014ൽ എട്ട് ബില്യൻ ഡോളറായിരുന്ന അദാനിയുടെ ഗ്രൂപ്പിന്റെ മൂല്യം 2022ൽ 140 ബില്യൻ ഡോളറായി വളർന്നതിന്റെ പിന്നിൽ മോദിയുടെ പിന്തുണയാണെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞിരുന്നു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News