ഫിനിഷിംഗില്‍ പാളിയത് ഫ്രാന്‍സിന് വിനയായി
ആറോളം അവസരങ്ങളാണ് പാട്രീഷ്യോയും പിന്നെ ഗോള്‍ ബാറും കാരണം ഫ്രാന്‍സിന് നഷ്ടമായത്
ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നിലനിര്‍ത്തിപ്പോന്ന ശൈലി തന്നെയാണ് ഇരു ടീമുകള്‍ ഫൈനലിലും പുറത്തെടുത്തത്. മികച്ച രീതിയില്‍ കളിച്ചിട്ടും ഫിനിഷിംഗില്‍ പാളിയത് ഫ്രാന്‍സിന് വിനയായപ്പോള്‍ എതിരാളികളെ തളച്ചിട്ട് അവസാനം മാത്രം ഗോളടിക്കുന്ന ശീലം പോര്‍ച്ചുഗലിന് കിരീടവും സമ്മാനിച്ചു.
ഫൈനല്‍ വരെയെത്താന്‍ ഫ്രാന്‍സ് പുറത്തെടുത്ത കളിമികവ്‍ ഫൈനലിലും ആവര്‍ത്തിച്ചു. പക്ഷെ ഫിനിഷിംഗില് ഇതുവരെ കണ്ട കൃത്യത ആവര്‍ത്തിച്ചില്ല. അല്ലെങ്കില്‍ ലൂയി പാട്രീഷ്യോയെന്ന പോര്‍ച്ചുഗീസ് ഗോളി അതിനനുവദിച്ചില്ല. ഒന്നും രണ്ടുമല്ല ഗോളെന്നുറച്ച ആറോളം അവസരങ്ങളാണ് പാട്രീഷ്യോയും പിന്നെ ഗോള്‍ ബാറും കാരണം ഫ്രാന്‍സിന് നഷ്ടമായത്. പോര്‍ച്ചുഗലിനും ഇതുവരെ കണ്ടതില്‍ നിന്നപ്പുറത്തുള്ള ഗെയിം പ്ലാനുണ്ടായിരുന്നില്ല. കളിയുടെ മുക്കാല്‍ സമയവും എതിരാളികളെ പൂട്ടിയിടുക. അവസാനത്തില്‍ ഗോളടിക്കുക. അക്കാര്യത്തില്‍ അവരിന്നും വിജയിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസാനിധ്യം പോലും അവര്‍ക്കതിന് തടസ്സമായില്ല. നിര്‍ണായക സമയത്തെ രണ്ട് മാറ്റങ്ങളും അവര്‍ക്ക് അനുകൂലമായി
സാഞ്ചസിന് പകരമിറങ്ങിയ എഡര്‍ ഗോള് നേടിയാണ് പോര്‍ച്ചുഗലിന് തുണയായതെങ്കില്‍ ക്രിസ്റ്റ്യാനോക്ക്പകരമെത്തിയ ക്വരിസ്മോയും മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രാഥമിക റൌണ്ടില്‍ ഒറ്റ മത്സരം പോലും ജയിക്കാതെ മൂന്നാം സ്താനക്കാരായി മാത്രം നോക്കൊട്ട് റൌണ്ടില്‍ പ്രവേശിച്ചവരാണ് കപ്പും നേടിപ്പോകുന്നതെന്നത് അനിശ്ചിതത്വങ്ങളുടെ ഫുട്ബോള്‍ മൈതാനത്തെ വലിയ വിശേഷങ്ങളിലൊന്നായി തുടര്‍ച്ചയായി പതിനെട്ട് മത്സരങ്ങള്‍ ജയിച്ചുവന്ന ഫ്രാന്‍സിന് കലാശപ്പോരാട്ടത്തില്‍ അടിതെറ്റിയതും മറിച്ചൊന്നല്ല.