ഇന്ത്യയെ റാഞ്ചി കിവീസ്

Update: 2017-08-16 03:28 GMT
ഇന്ത്യയെ റാഞ്ചി കിവീസ്
Advertising

കിവീസിനെതിരെ ഏകദിന പരമ്പര മോഹിച്ച് നായകന്‍ എംഎസ് ധോണിയുടെ സ്വന്തം മണ്ണില്‍ പാഡ് കെട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചു.

കിവീസിനെതിരെ ഏകദിന പരമ്പര മോഹിച്ച് നായകന്‍ എംഎസ് ധോണിയുടെ സ്വന്തം മണ്ണില്‍ പാഡ് കെട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചു. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ 241 റണ്‍സില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ പരമ്പര 2-2 എന്ന നിലയിലായി.

ഇന്ത്യന്‍ റണ്‍വേട്ടക്ക് ചുക്കാന്‍ പിടിക്കുന്ന വിരാട് കൊഹ്‍ലി(45)യും രഹാനെ(57)യും വീണപ്പോള്‍ സ്വന്തം തട്ടകത്തില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ധോണി(11)യും കഷ്ടിച്ച് രണ്ടക്കം കൊണ്ട് കൂടാരം കയറിയതാണ് ഇന്ത്യയുടെ നട്ടെല്ലിളക്കിയത്. ഇതുവരെ ഫോമിലേക്ക് ഉയരാന്‍ കഴിയാത്ത രോഹിത് ശര്‍മ (11) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ കളിയില്‍, രണ്ടാം വിക്കറ്റില്‍ കൊഹ്‍ലിയും രഹാനെയും ചേര്‍ന്ന് കെട്ടിപ്പൊക്കിയ 79 റണ്‍സിന്റെ കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യക്ക് ആശ്വാസം. ഇരുവരും മടങ്ങിയതിനു ശേഷം ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ഒരാള്‍ക്കു പോലുമായില്ല. 12 റണ്‍സെടുത്ത മനീഷ് പാണ്ഡെയും, സോത്തിയുടെ പന്തില്‍ വിക്കറ്റിനു മുമ്പില്‍ കുടുങ്ങി പൂജ്യനായി കേദാര്‍ ജാദവും കളംവിട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ എഴുതിക്കഴിഞ്ഞിരുന്നു. അധികം വൈകിക്കാതെ പാണ്ഡ്യയും ഇല്ലാത്ത റണ്‍സിനു വേണ്ടി ഓടിയ അമിത് മിശ്രയും ഗാലറിയില്‍ തിരിച്ചെത്തി. കിവീസിന്റെ സംഘടിതാക്രമണം പ്രതിരോധിക്കാന്‍ അക്സര്‍ പട്ടേലി(38) ന് മാത്രമാണ് കുറച്ചെങ്കിലും കഴിഞ്ഞത്. ബോള്‍ട്ടിന്റെ പന്തില്‍ പട്ടേലിന്റെ വിക്കറ്റ് കൂടി ഇളകിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. എന്നാല്‍ വാലറ്റത്ത് ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ധവാല്‍ കുല്‍ക്കര്‍ണി നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയ പ്രതീക്ഷ വീണ്ടും ഉണര്‍ത്തിയെങ്കിലും ലക്ഷ്യത്തിന് 19 റണ്‍സ് അകലെ വെച്ച് ഇന്ത്യ വീണു. ബോള്‍ട്ടിനെ ഗാലറിയിലേക്ക് പറത്താനുള്ള ഉമേഷ് യാദവിന്റെ ശ്രമം ടെയ്‍ലറിന്റെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ത്യക്ക് 19 റണ്‍സിന്റെ തോല്‍വി. കിവീസിന് വേണ്ടി സോത്തി മൂന്നും ബോള്‍ട്ടും നീഷമും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‍ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ക്ക് പതിവുപോലെ ഇന്നിങ്സ് മധ്യത്തില്‍ അടിതെറ്റി. ഒന്നാം വിക്കറ്റില്‍ ലഥാമും ഗുപ്റ്റിലും ചേര്‍ന്ന് 15 ഓവറില്‍ 93 റണ്‍സ് അടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍മാര്‍ വന്നതോടെ മത്സരം ഇന്ത്യയുടെ പിടിയിലായി. മൂന്നിന് 184 എന്ന നിലയില്‍ നിന്നുമാണ് ലക്ഷ്യം തെറ്റിയ സന്ദര്‍ശകര്‍ ഏഴിന് 260 എന്ന നിലയില്‍ നിശ്ചിത അമ്പത് ഓവര്‍ പൂര്‍ത്തിയാക്കിയത്, 72 റണ്‍സെടുത്ത ഓപ്പണര്‍ ഗുപ്റ്റിലാണ് ന്യൂസിലാന്‍ഡിന്‍റെ ടോപ് സ്കോറര്‍. ലഥാം 39 റണ്‍സും നായകന്‍ വില്യംസണ്‍ 41 റണ്‍സും റോസ് ടെയ്‍ലര്‍ 35 റണ്‍സും നേടി. ഇന്ത്യക്കായി അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News