യുവരാജിനെ ടീമിലെടുത്തത് ധോണിക്കു മേലുള്ള സമ്മര്‍ദം കുറയ്ക്കാനെന്ന് കൊഹ്‍ലി
മുന്‍ നിരയിലെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ മുന്‍ നിര പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ ധോണിക്കൊപ്പം മധ്യനിരയില്‍ ഒരു കരുത്തന്‍ കൂടി ഉണ്ടാകേണ്ടത് ആവശ്യമാണ്.
മധ്യനിരക്ക് കരുത്ത് പകരാനും ധോണിയ്ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനുമാണ് യുവരാജ് സിങിനെ ടീമിലെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. 2013ല്‍ അവസാന ഏകദിനം കളിച്ച യുവരാജ് സിങിനെ ടീമിലുള്‍പ്പെടുത്തിയത് സംബന്ധിച്ച വിമര്‍ശങ്ങള്‍ കനക്കുന്നതിനിടെയാണ് നായകന്‍റെ വിശദീകരണം. ടീം സെലക്ഷന്‍ സമയത്ത് ഏറെ ചര്‍ച്ച ചെയ്ത ഒരു വിഷയമായിരുന്നു അനുഭവ സമ്പത്ത്. ധോണിക്ക് മേല്‍ മാത്രമായി മധ്യനിരയിലെ മുഴുവന്‍ സമ്മര്‍ദവും ഉപേക്ഷിക്കാന്‍ നമുക്ക് കഴിയില്ല. മുന്‍ നിരയിലെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ മുന്‍ നിര പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ ധോണിക്കൊപ്പം മധ്യനിരയില്‍ ഒരു കരുത്തന്‍ കൂടി ഉണ്ടാകേണ്ടത് ആവശ്യമാണ്.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി 15-20 മത്സരങ്ങള്‍ ടീമിന് ലഭിക്കുകയാണെങ്കില്‍ മധ്യനിരയില്‍ യുവ താരങ്ങളെ നയിക്കാന്‍ ധോണി എന്നത് ആലോചിക്കാവുന്നതാണെന്നും എന്നാല്‍ ഒരു വലിയ ടൂര്‍ണമെന്‍റിന് മുന്നോടിയായി മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ലഭ്യമായ എല്ലാ താരങ്ങളുടെയും സേവനം വിനിയോഗിക്കണം. അമ്പാട്ടി റായിഡുവിനെ മധ്യനിരയിലേക്ക് പരിഗണിച്ചതാണെങ്കിലും പരിക്കിന്‍റെ പിടിയിലായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കൊഹ്‍ലി വ്യക്തമാക്കി. പ്രാദേശിക മത്സരങ്ങളില്‍ മിന്നും ഫോമിലുള്ള യുവരാജ് സ്വാഭാവിക പരിഗണനയായി മാറിയതാണെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.