ട്രാക്കില്‍ എംജി സര്‍വകലാശാല കുതിക്കുന്നു
സര്‍വകലാശാല നേടിയ രണ്ടു സ്വര്‍ണമടക്കം കേരളത്തിന് ഇന്ന് മൂന്നു സ്വര്‍ണമാണ് ലഭിച്ചത്.
കോയമ്പത്തൂരിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്‍ലറ്റിക് മീറ്റിലെ ഇന്നത്തെ മത്സരങ്ങളില്‍ എംജി സർവകലാശാലക്ക് മികച്ച നേട്ടം. സര്‍വകലാശാല നേടിയ രണ്ടു സ്വര്‍ണമടക്കം കേരളത്തിന് ഇന്ന് മൂന്നു സ്വര്‍ണമാണ് ലഭിച്ചത്.
അത്‍ലറ്റിക് മീറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് പെൺകുട്ടികളുടെ ആയിരം മീറ്ററിൽ പൂനെ യൂണിവേഴ്സിറ്റിയുടെ സഞ്ജീവനി ജാദവാണ് ആദ്യ സ്വര്‍ണം നേടിയത്. 33.33 മിനിറ്റില്‍ ദേശീയ റെക്കോർഡോടെയാണ് സ്വര്‍ണ നേട്ടം. പോള്‍വാട്ടില്‍ എംജി സര്‍വകലാശാലയില്‍ നിന്നുള്ള രേഷ്മ രവീന്ദ്രനാണ് മലയാളികളുടെ സ്വര്‍ണവേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ എംജി സര്‍വകലാശാലയിലെ സിഞ്ജു പ്രകാശ് വെള്ളി നേടി. ഹൈജംപില്‍ എംജി സര്‍വകലാശാലയുടെ ജിനുമരിയ മാനുവല്‍ സ്വര്‍ണം നേടി. 1.79 മീറ്റര്‍ ചാടി മീറ്റ് റെക്കോര്‍ഡോടെയായിരുന്നു സ്വര്‍ണനേട്ടം. വനിതകളുടെ ലോങ്ജംപില്‍ കേരള സര്‍വകലാശാലയുടെ നയന ജയിംസ് സ്വര്‍ണം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരള സര്‍വകലാശാലയുടെ സനു സാജന്‍ വെള്ളിയും എംജി സര്‍വകലാശാലയുടെ മുഹമ്മദ് ലുബൈബ് വെങ്കലവും നേടി. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല അത്‍ലറ്റിക് മീറ്റില്‍ മൂന്നാം ദിവസം എംജി സര്‍വകലാശാലയുടെ നേട്ടങ്ങള്‍ തന്നെയായിരുന്നു കേരളത്തിന് നല്ല വാര്‍ത്തകള്‍ സമ്മാനിച്ചത്. വരും ദിനങ്ങളില്‍ മറ്റുള്ള സര്‍വകലാശാലയുടെ നേട്ടങ്ങള്‍കൂടി പ്രതീക്ഷിക്കാം.