‘സെലക്റ്റർമാർ കാണുന്നുണ്ടോ’; അവസാന ആറ് മത്സരങ്ങളിൽ അഞ്ച് സെഞ്ച്വറി നേടി കരുൺ നായർ !

Update: 2025-01-13 15:28 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂഡൽഹി: ഒരു ബാറ്റർ ഇതിനേക്കാൾ മികച്ച രീതിയിൽ എങ്ങനെ പ്രകടനം നടത്തും? വിജയ്ഹസാരെ ട്രോഫിയിലെ കരുൺ നായറുടെ പ്രകടനം കാണുമ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണിത്. അവസാനത്തെ ആറ് ഇന്നിങ്സുകളിൽ നിന്നും കരുൺ നേടിയത് അഞ്ച് സെഞ്ച്വറികൾ!. ഈ മത്സരങ്ങളിലെല്ലാം താരം നോട്ടൗട്ടുമായി.

വിജയ് ഹസാരെ ട്രോഫിയിൽ വിദർഭക്കായാണ് കരുൺ മിന്നും പ്രകടനം പുറത്തെടുക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കുമെന്ന് കൂടി ഈ 33കാരൻ പ്രതീക്ഷിക്കുന്നു.

ഇത്രയും കാലത്തിനിടയിൽ ഇന്ത്യക്കായി ആറ് ടെസ്റ്റിലും രണ്ട് ഏകദിനത്തിലും മാത്രമാണ് കരുൺ നായർ കളത്തിലിറങ്ങിയിട്ടുള്ളത്. ആറ് ടെസ്റ്റുകളിൽ നിന്നായി 62 ശരാശരിയിൽ 374 റൺസാണ് സമ്പാദ്യം. 2016 ഡിസംബറിൽ ചെന്നൈയിൽ ​ഇംഗ്ലണ്ടിനെതിരെ 303റൺസ് നേടിയതാണ് കരുൺ നായറുടെ ശ്രദ്ധേയ നേട്ടം. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്നു കരുൺ. എന്നാൽ 2017ന് ശേഷം ഇന്ത്യൻ ടീമിൽ കരുൺ നായർക്ക് ഒരിക്കൽ പോലും ഇടം ലഭിച്ചില്ല. തുടർന്ന് നിരന്തരം ടീമിന് പുറത്തായ കരുൺ 2022ൽ ‘Dear cricket, give me one more chance’ എന്ന ട്വീറ്റുമായി ​വാർത്തകളിൽ നിറഞ്ഞിരുന്നു.

മലയാളി വേരുകളുള്ള താരത്തെ ചാമ്പ്യൻസ് ട്രോഫി പരമ്പരക്കുള്ള ടീമിൽ സർപ്രൈസ് എൻട്രിയായി ഉൾപ്പെടുത്തുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോശം ഫോമിലുളള വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നീ മുതിർന്ന താരങ്ങൾക്ക് പകരം ടെസ്റ്റ് ടീമിൽ കരുണിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News