ജയ്ഷായുടെ പകരക്കാരൻ; ബിസിസിഐ സെക്രട്ടറിയായി ദേവജിത്ത് സായ്കിയ
ന്യൂഡൽഹി: ബിസിസിഐ സെക്രട്ടറിയായി ദേവജിത്ത് സായ്കിയയെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ ജയ് ഷാ ഐസിസി അധ്യക്ഷനായ ഒഴിവിലേക്കാണ് ദേവജിത്തിന്റെ നിയമനം.
മുംബൈയിൽ നടന്ന ബിസിസിഐ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിൽ എതിരില്ലാതെയാണ് സായ്കിയയെ തെരഞ്ഞെടുത്തത്. ബിസിസിഐ ട്രഷററായി പ്രഭ്ജിത്ത് സിങ് ഭാട്ടിയയെയും തെരഞ്ഞെടുത്തു. മഹാരാഷ്ട്ര മന്ത്രി സഭയിലുൾപ്പെട്ട ആഷിഷ് ഷെലാറിന് പകരക്കാരനായാണ് ഭാട്ടിയയുടെ നിയമം.
അസം സ്വദേശിയായ സായ്കിയ ക്രിക്കറ്റ് രംഗത്തും അഭിഭാഷക വൃത്തിലും ഏറെക്കാലമായി സജീവമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏതാനും മത്സരങ്ങളിൽ കളത്തിലിറങ്ങിയ സായ്കിയ ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. കൂടാതെ സ്പോർട്സ് ക്വാട്ടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലും റെയിൽവേയിലും ജോലി ചെയ്തു. 2016ൽ അസം ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായാണ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് കടക്കുന്നത്.