ഡി റോസിയില്ലാതെ ഇറ്റലി ക്വാര്‍ട്ടറില്‍ ജര്‍മ്മനിക്കെതിരെ
ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ മധ്യനിര താരം ഡി റോസി കളിച്ചേക്കില്ലെന്നാണ് സൂചന. വെയ്ല്‍സ് നായകന്‍ ആഷ്‍ലി വില്യംസിന്റെ കാര്യവും സംശയത്തിലാണ്.
യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാരനിരിക്കെ പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീമുകളെ അലട്ടുന്നത്. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ മധ്യനിര താരം ഡി റോസി കളിച്ചേക്കില്ലെന്നാണ് സൂചന. വെയ്ല്‍സ് നായകന്‍ ആഷ്‍ലി വില്യംസിന്റെ കാര്യവും സംശയത്തിലാണ്.
യൂറോ കപ്പില്‍ മത്സരങ്ങള്‍ ചൂടു പിടിച്ചപ്പോള്‍ പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീമുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സ്പെയിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇറ്റലിയുടെ മധ്യനിര താരം ഡി റോസി ക്വാര്‍ട്ടറില്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്ക് പരിക്കേറ്റ ഡി റോസി മുടന്തിയായിരുന്നു കഴിഞ്ഞ ദിവസം ഗ്രൌണ്ട് വിട്ടത്. താരത്തിന്‍റെ പരിക്ക് സാരമുള്ളതാണെന്നാണ് ടീം ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിനെതിരായ മത്സരത്തിനിടേ പരിക്കേറ്റ അന്‍റോണിയോ കാന്‍ഡ്രേവ ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നതും ഇറ്റാലിയന്‍ പരിശീലകന്‍ കോന്‍റയെ സമ്മര്‍ദത്തിലാക്കും. വെയ്ല്‍സ് നായകന്‍ ആഷ്ലി വില്യംസും പരിക്കിന്‍റെ പിടിയിലാണ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സഹതാരം ജോണി വില്യംസുമായി കൂട്ടിയിടിച്ചായിരുന്നു ആഷ്‍ലിയുടെ തോളിന് പരിക്കേറ്റത്. സ്കാനിംഗിന് വിധേയനാക്കിയ താരം കളിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ചയേ തീരുമാനമെടുക്കൂ എന്ന് പരിശീലകന്‍ ക്രിസ് കോള്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഷ്‍ലി യുടെ അഭാവത്തില്‍ ആരോണ്‍ റാംസിയായിരിക്കും നായകന്‍റെ ആം ബാന്‍ഡ് അണിയുക. ബെല്‍ജിയത്തിന്‍റെ സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡിന്റെ കാര്യവും സംശയത്തിന്റെ നിഴലിലാണ്. ഹംഗറിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹസാര്‍ഡ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ല. ഹസാര്‍ഡ് കളിച്ചില്ലെങ്കില്‍ വെയ്‌ല്‍സിനെതിരായ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് അത് വന്‍ തിരിച്ചടിയാകും.