സഞ്ജുവിന് സെഞ്ചുറി(175) കേരളം ശക്തമായ നിലയില്‍
ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ കേരളം 405 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളം ശക്തമായ നിലയില്‍. 175 റണ്‍സ് അടിച്ചു കൂട്ടിയ സഞ്ജു വി സാംസന്റെ മികവില്‍ കേരളം രണ്ടാം ഇന്നിങ്‌സില്‍ 411 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ കേരളം 405 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
മൂന്നാം ദിനം ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളം രണ്ടാം ഇന്നിംങ്‌സില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 12 റണ്‍സെടുത്ത് അസ്ഹറുദ്ദീനെ നാലാം ഓവറില്‍ നഷ്ടമായെങ്കിലും പിന്നീട് കേരളം തിരിച്ചടിക്കുകയായിരുന്നു. 180 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചു കൂട്ടിയ സഞ്ജുവിന്റെ മികവ് തന്നെയായിരുന്നു ഇന്നിംങ്‌സിന്റെ ഹൈലൈറ്റ്. ജലജ് സക്‌സേനയും രോഹന്‍ പ്രേമും 44 റണ്‍സ് വീതം നേടിയപ്പോള്‍ അരുണ്‍ കാര്‍ത്തിക് 81 റണ്‍സുമായി സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിംങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജഡേജ നാല് വിക്കറ്റുമായി രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങി.
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 225 റണ്‍സിനെതിരെ ബാറ്റിംഗിന് ഇറങ്ങിയ സൗരാഷ്ട്ര 232 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും സ്‌നെല്‍ പട്ടേലുമാണ് സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. റോബിന്‍ ഉത്തപ്പ 86ഉം സ്‌നെല്‍ 49 റണ്‍സും എടുത്തു. നാല് വിക്കറ്റെടുത്ത സിജോമോന്‍ ജോസഫും മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് കേരള നിരയില്‍ മികച്ച പ്രകടനം നടത്തിയത്.