ട്രാക്കില്‍ ഇനി അമേരിക്കന്‍ കുതിപ്പിന്‍റെ കാലം ?
അത്‌ലറ്റിക്സില്‍ അമേരിക്കയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന സൂചനയാണ് ബോള്‍ട്ടിന്‍റെ വിടവാങ്ങൽ മത്സരം.
അത്‌ലറ്റിക്സില്‍ അമേരിക്കയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന സൂചനയാണ് ബോള്‍ട്ടിന്‍റെ വിടവാങ്ങൽ മത്സരം. ജസ്റ്റിന്‍ ഗാറ്റ് ലിന്‍ ഉള്‍പ്പെടെയുളള പല താരങ്ങളും ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനാല്‍ ആശങ്കയിലാണ് അത് ലറ്റിക്സ് ലോകം.
2008 ല്‍ ബീജിങ്ങിലെ കിളിക്കൂട്ടില്‍ ഉസൈന്‍ ലിയോ ബോള്‍ട്ട് അവതരിച്ചതോടെ ജമൈക്കയായി ലോക അത് ലറ്റിക്സിലെ പവര്‍ഹൗസ് . തുടര്‍ന്ന് ലണ്ടന്‍ റിയോ ഒളിംപിക്സുകളിലും നാല് ലോക ചാംപ്യന്‍ഷപ്പുകളിലും ജമൈക്കന്‍ കരുത്തിന് മുന്നിൽ അമേരിക്ക നാണംകെട്ടു. എന്നാല്‍ ബോള്‍ട്ടിന്‍റെ വിടവാങ്ങൽ മത്സരം സ്പ്രിന്‍റില്‍ അമേരിക്കയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുകയാണ് . 1990കളില്‍ ലോക അത് ലറ്റിക്സിലെ സൂപ്പര്‍ താരം അമേരിക്കയുടെ മൈക്കല്‍ ജോൺസനായിരുന്നു. 21ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മൗറീസ് ഗ്രീനും ജസ്റ്റിന്‍ ഗാറ്റ്‍ലിനും അതിവേഗപ്പോരില്‍ അമേരിക്കയുടെ യശസ് ഉയത്തി. എന്നാൽ രണ്ട് വട്ടം മരുന്നടിക്ക് പിടിക്കപ്പെട്ട് 5 വര്‍ഷത്തെ വിലക്ക് നേരിട്ട ജസ്റ്റിന്‍ ഗാറ്റ്‍ലിന്‍റെ നൂറ് മീറ്ററിലെ ജയം ആശങ്കയാണ് സമ്മാനിക്കുന്നത്.
നൂറ് മീറ്ററില്‍ 21കാരനായ ക്രിസ്ത്യന്‍ കോള്‍മാന്‍ ഒന്നാമനായി ഓടിയെത്തിയിരുന്നെങ്കില്‍ അനിവാര്യമായ തലമുറമാറ്റമെന്ന് ആശ്വസിക്കാമായിരുന്നു. ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരെ അകറ്റി നിര്‍ത്തുകയാകും ഭാവിയിൽ അത് ലറ്റിക്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന മുന്നറിയിപ്പ് ബോള്‍ട്ട് നല്‍കിയിട്ട് ഒരാഴ്ചയെ മാത്രമേ ആയിട്ടുളളൂ. കരിയറില്‍ ഇതുവരെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബോള്‍ട്ട് പിടിക്കപ്പെട്ടിട്ടില്ല. ബോള്‍ട്ട് ഒഴികെയുള്ള 21 അതിവേഗക്കാരും എപ്പോളെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ട്. ബോള്‍ട്ടില്ലാത്ത ട്രാക്കിനെ ആശങ്കപ്പെടുത്തുന്നതും ഈ കണക്കുകളാകും.