രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ഓവറോൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
പോയിന്റ് പട്ടികയിൽ പാലക്കാട് മുന്നിലെത്തി
സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനം മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഓവറോൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് പട്ടികയിൽ പാലക്കാട് മുന്നിലെത്തി. സ്കൂളുകളിൽ മാർ ബേസിലിനെ പിന്തള്ളി കല്ലടി എച്ച്.എസും ഉം മുന്നിലെത്തി. മഴയിൽ കുതിർന്ന രണ്ടാം ദിനത്തിൽ പക്ഷെ റെക്കോഡുകൾ പെയ്തിറങ്ങിയില്ല. മീറ്റ് റെക്കോഡുകൾ രണ്ടിൽ ചുരുങ്ങി. എന്നാൽ ഓവറോൾ കിരീടത്തിനായുള്ള പോരാട്ടത്തിന് ചൂടേറി.
കല്ലടി, പറളി സ്കൂളുകളുടെ മികവിൽ പാലക്കാട് വൻ കുതിപ്പ് നടത്തിയപ്പോൾ എറണാകുളം ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതായി. 13 സ്വർണവും 7 വെള്ളിയും 11 വെങ്കലവുമായി പാലക്കാടിന് 97 പോയിന്റ്. എറണാകുള ത്തിന് 13 സ്വർണവും 8 വെള്ളിയും 7 വെങ്കലവുമുൾപ്പെടെ 96 പോയിന്റ. സ്കൂളുകൾ തമ്മിലുള്ള മത്സരത്തിനും വാശിയേറി. ആദ്യദിനം മങ്ങിപ്പോയ കല്ലടി എച്ച്.എസ് രണ്ടാം ദിനത്തിന്റെ അന്ത്യം 37 പോയിന്റുമായി മുന്നിലാണ്. പാലക്കാടിന്റെ തന്നെ പറളി സ്കൂൾ 31 പോയിന്റുമായി രണ്ടാമതായപ്പോൾ നിലവിലെ ജേതാക്കളായ കോതമംഗലം മാർ ബേസിൽ 30 പോയിന്റുമായി മൂന്നാം ഇടത്തേക്ക് പിന്തള്ളപ്പെട്ടു.