ജിംനാസ്റ്റിക്സില്‍ പ്രായം കൊണ്ട് ചരിത്രം രചിച്ച ഒക്സാന
പ്രായം 41 ആയി. അത് പക്ഷേ ഒക്സാന ചുസോവിറ്റിന എന്ന ഉസ് ബെക്ക് താരത്തിന് ഒരു തടസ്സമേ അല്ല
നാല്പത് വയസിന് മുകളിലുളള നിരവധി പേര്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ജിംനാസ്റ്റിക്സില്‍ പങ്കെടുക്കുന്ന പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി ഉസ്ബക്കിസ്ഥാന്റെ ഒക്സാന ചുസോവിറ്റിന എന്ന 41 കാരിക്ക് അവകാശപ്പെട്ടതാണ്.
പ്രായം 41 ആയി. അത് പക്ഷേ ഒക്സാന ചുസോവിറ്റിന എന്ന ഉസ് ബെക്ക് താരത്തിന് ഒരു തടസ്സമേ അല്ല. റിയോ ഒളിംപിക്സിലെ ജിംനാസ്റ്റിക് വേദിയില്‍ പ്രായം തളര്‍ത്താത്ത മെയ് വഴക്കവുമായി ഒക്സാന എത്തും. 1992ലെ ബാര്‍സലോണ ഒളിമ്പിക്സിലായിരുന്നു ഒക്സാനയുടെ ആദ്യ മത്സരം. അന്ന് ടീമിനത്തില്‍ സ്വര്‍ണ്ണം നേടി മടങ്ങി. വ്യക്തിഗത മെഡലിനായി പിന്നീട് ഒരു 16 വര്‍ഷം കൂടെ അവര്‍ കാത്തിരുന്നു. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ വെള്ളി നേടി. മൂന്ന് രാജ്യങ്ങള്‍ക്ക് വേണ്ടി ഒളിംപിക്സില്‍ പങ്കെടുത്തെന്ന പ്രത്യേകതയും ഒക്സാനയുടെ പേരിനൊപ്പമുണ്ട്. ആദ്യ ഒളിമ്പിക്സില്‍ സോവിയറ്റ് യൂണിയനും പിന്നീട് ജര്‍മ്മനിക്ക് വേണ്ടിയും 2012ല്‍ ഉസ്ബക്കിസ്ഥാന് വേണ്ടിയും മത്സരിച്ചു.
41ാം വയസ്സിലെത്തുമ്പോള്‍ ഒക്സാനയുടെ ഏഴാമത്തെ ഒളിമ്പിക്സാണ്. ഒളിമ്പിക്സില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണവും ഏഷ്യന്‍ ഗെയിംസില്‍ നിന്ന് രണ്ട് സ്വര്‍ണ്ണവും നേടിയിട്ടുണ്ട്.