മെസി തിരിച്ചുവരുന്നു; ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല

Update: 2018-03-17 08:48 GMT
മെസി തിരിച്ചുവരുന്നു; ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല
Advertising

തിരിച്ച് വരവിനെ കുറിച്ച് മെസി പറയുന്നതിതാണ്...

അര്‍ജന്റീന മുന്‍ നായകന്‍ ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തോടും ജേഴ്‍സിയോടുമുള്ള സ്നേഹം തീരുമാനം പുനഃപരിശോധിക്കാന്‍ കാരണമാകുന്നുവെന്ന് മെസി അറിയിച്ചു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഫൈനലിന് ശേഷമാണ് മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഒന്നര മാസത്തെ മാറി നില്‍ക്കലിന് ശേഷം മടങ്ങിയെത്താന്‍ മെസി തന്നെ തീരുമാനിച്ചു. തിരിച്ച് വരവിനെ കുറിച്ച് മെസി പറയുന്നതിതാണ്.

നിരവധി പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ ഉള്ള അര്‍ജന്റീന ടീമില്‍ താന്‍ മറ്റൊരു പ്രശ്നം കൂടി ഉണ്ടാക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ അര്‍ജന്റീന ഫുട്ബോളില്‍ ശരിയാക്കാനുണ്ട്. പുറത്ത് നിന്ന് വിമര്‍ശിക്കുകയല്ല, അത് അകത്ത് നിന്ന് ചെയ്യണം. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഒരുപാട് കാര്യങ്ങള്‍ തന്റെ ചിന്തയിലൂടെ കടന്ന് പോയി. അങ്ങനെ വിരമിക്കാന്‍ തീരുമാനിച്ചു. പക്ഷേ അര്‍ജന്റീനയോടും ആ ജേഴ്‍സിയോടുമുള്ള സ്നേഹം വളരെ കൂടുതലാണെന്നും മെസി പറയുന്നു.

അര്‍ജന്റീനക്ക് വേണ്ടി താന്‍ കളിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് മെസി നന്ദി പറഞ്ഞു. എത്രയും പെട്ടെന്ന് പഴയ സന്തോഷം ആരാധകര്‍ക്ക് തിരിച്ച് നല്‍കുമെന്ന ഉറപ്പും. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലിലെ ഷൂട്ടൌട്ടില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസി വികാരനിര്‍ഭമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെസി തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ കൂറ്റന്‍ റാലി നടന്നിരുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍ മെസി തിരിച്ച് വരണമെന്ന ആവശ്യം ഹാഷ്ടാഗ് പ്രചാരണമാക്കി.. ലോകത്തെ ഭൂരിഭാഗം താരങ്ങളും മെസിയോട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ പരിശീലകന്‍ എഡ്വാഡോ ബൌസയുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നുണ്ട്. സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാകും മെസി ഇനി കളിക്കാനിറങ്ങുക.

Tags:    

Similar News