ട്രിപ്പിള്‍ ബോള്‍ട്ട്
പുരുഷന്‍മാരുടെ 4X00 മീറ്റര്‍ റിലേയിലാണ് ബോള്‍ട്ട് അടങ്ങുന്ന ജമൈക്കന്‍ ടീം സ്വര്‍ണ്ണം നേടുന്നത്
ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് അപൂര്‍വ ട്രിപ്പിള്‍ സ്വര്‍ണം. പുരുഷന്‍മാരുടെ 4 ഗുണം 100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലാണ് ഉസൈന്‍ ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. ഈയിനത്തില്‍ ജപ്പാന്‍ വെള്ളിയും കാനഡ വെങ്കലവും സ്വന്തമാക്കി.
അസഫ പവല്‍, യൊഹാന്‍ ബ്ലെയ്ക്ക്, നിക്കല്‍ ആഷ്മഡെ, പിന്നെ ഉസൈന്‍ ബോള്‍ട്ട് നാലു ജമൈക്കക്കാരും കൂടി റിലേയില്‍ ഓടാനിറങ്ങി തുടങ്ങിയത് പവലാണ്. മൂന്നാമന്‍ നിക്കല്‍ ആഷ്മഡെയുടെ ഉത്തരവാദിത്തം ആ ബാറ്റണ്‍ ബോള്‍ട്ടിന്റെ കയ്യില്‍ എത്തിക്കല്‍ മാത്രം. ബോള്‍ട്ടിന്റെ കയ്യില്‍ ബാറ്റണ്‍ എത്തുന്നത് വരെ ജമൈക്ക രണ്ടാം സ്ഥാനത്താണ്. പിന്നീടുള്ള സെക്കന്‍ഡുകളില്‍ പതിവുകളൊന്നും തെറ്റിയില്ല. അതുവരെ മുന്നിലുണ്ടായിരുന്ന ജപ്പാന്‍ അവസാന ലാപ്പില്‍ പിന്നോട്ടാണോ ഓടുന്നതെന്ന് തോന്നി. 37.27 സെക്കന്‍ഡ് കൊണ്ടാണ് ജമൈക്ക ഫിനിഷ് ചെയ്തത്. ബോള്‍ട്ടിന് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണവും ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവും. കാല്‍ക്കീഴിലാക്കിയതൊന്നും വിട്ടുകൊടുക്കാതെ അപ്രാപ്യമായ ദൂരങ്ങള്‍ ഭാവിക്ക് വിട്ടുകൊടുത്ത് ബോള്‍ട്ട് ട്രാക്ക് വിടുന്നു. അദ്ദേഹം തന്നെ പറഞ്ഞത് പോലെ അനശ്വരനായി ...അതിശയനായി.