വിശ്രമമില്ല, ബിസിസിഐക്കെതിരെ തുറന്നടിച്ച് കൊഹ്‍ലി
പ്രകടനങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാകാന്‍ ക്രിക്കറ്റ് താരങ്ങള്‍ ബാധ്യസ്ഥരാണെങ്കിലും അവര്‍ക്ക് തയ്യാറെടുക്കാന്‍ എത്രമാത്രം സമയം ലഭിച്ചെന്നത് കൂടി പരിഗണന വിഷയമാക്കണമെന്ന് ഇന്ത്യന്‍ നായകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാതെ കളികള്‍ ആസൂത്രണം ചെയ്യുന്നതിന് ബിസിസിഐക്കെിരെ തുറന്നടിച്ച് നായകന്‍ വിരാട് കൊഹ്‍ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി സജ്ജരാകാന്‍ ആവശ്യത്തിന് സമയമില്ലെന്നും പ്രകടനം മോശമായാല്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കൊഹ്‍ലി പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുമ്പായി രണ്ട് ദിവസം മാത്രമാണ് ടീമിന് ലഭിക്കുക. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കൂടി മുന്നില്‍ കണ്ട് ഫാസ്റ്റ് ബൌളിങ് പിച്ചുകള്‍ ഒരുക്കാന്‍ ആവശ്യപ്പെടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഒരു മാസമൊക്കെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ ഒരു ക്യാമ്പൊക്കെ നടത്തി വേണ്ട രീതിയില്‍ തയ്യാറാകാമായിരുന്നു. കിട്ടിയ സമയത്തിനനുസരിച്ച് സ്വയം ക്രമീകരിക്കുക മാത്രമാണ് ഇപ്പോഴുള്ള ഏക മാര്‍ഗം.
പ്രകടനങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാകാന്‍ ക്രിക്കറ്റ് താരങ്ങള്‍ ബാധ്യസ്ഥരാണെങ്കിലും അവര്‍ക്ക് തയ്യാറെടുക്കാന്‍ എത്രമാത്രം സമയം ലഭിച്ചെന്നത് കൂടി പരിഗണന വിഷയമാക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. കളിക്കാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പരിശീലനത്തിന് ശേഷം അവരെ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാക്കുന്നതില്‍ തെറ്റില്ല. ദക്ഷിണാഫ്രിക്കയില്‍ കാത്തിരിക്കുന്ന തരം പിച്ചുകളില്‍ കളിച്ച് സ്വയം സജ്ജരാകാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇപ്പോള്‍ മുന്നിലില്ല. അതിനാല്‍ തന്നെയാണ് ഫാസ്റ്റ് ബൌളര്‍മാരെ സഹായിക്കുന്ന പിച്ചുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശ പര്യടനങ്ങളില്‍ അശ്വിനും ജഡേജയും ഒരുപോലെ ഒരു ടീമിലുണ്ടാകുമെന്ന് പറയാനാകില്ലെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.