വില്ലാ റയലിനെ തകര്‍ത്ത് ബാഴ്‌സലോണ, റയലിന് നാല് ഗോള്‍ ജയം
ബാഴ്‌സലോണക്കും റയലിനും 84 പോയിന്റ് വീതമാണുള്ളത്. പരസ്പരമുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കം ബാഴ്‌സയെ പോയിന്റ് ടേബിളില്‍ മുന്നിലെത്തിക്കുന്നുണ്ടെങ്കിലും ഒരു മത്സരം കുറവാണ് കളിച്ചതെന്നത് റയല്‍ മാഡ്രിഡിന് ഗുണകരമാണ്.
വില്ലാറയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ ലാലിഗയിലെ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്തി. ലീഗ് കിരീടത്തിനായുള്ള മത്സരത്തില്‍ ഒരു പടി മുന്നിലുള്ള റയല്‍ മാഡ്രിഡ് ഗ്രാനഡയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കീഴടക്കി. ബാഴ്‌സലോണക്കും റയലിനും 84 പോയിന്റ് വീതമാണുള്ളത്. പരസ്പരമുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കം ബാഴ്‌സയെ പോയിന്റ് ടേബിളില്‍ മുന്നിലെത്തിക്കുന്നുണ്ടെങ്കിലും ഒരു മത്സരം കുറവാണ് കളിച്ചതെന്നത് റയല്‍ മാഡ്രിഡിന് ഗുണകരമാണ്.
മെസി സുവാരസ് നെയ്മര്‍ കൂട്ടുകെട്ടിലെ എല്ലാവരും ഗോള്‍ കണ്ടെത്തിയതോടെ വില്ലാറയല്‍ സീസണിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സസ്‌പെന്‍ഷന് ശേഷം രണ്ടാം മത്സരത്തിനിറങ്ങിയ നെയ്മര്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നതോടെ ഇരുപത്തൊന്നാം മിനുറ്റില്‍ കളിയിലെ ആദ്യ ഗോള്‍ പിറന്നു. ബോക്‌സില്‍ അഞ്ച് പ്രതിരോധക്കാരെ മറികടന്നാണ് മെസിയും നെയ്മറും ചേര്‍ന്ന് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.
ബാഴ്‌സ ആരാധകരെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനുറ്റില്‍ വില്ലാ റയലിന്റെ സമനില ഗോള്‍ എത്തി. മൈതാന മധ്യത്തിലേക്ക് കയറി ഓഫ് സൈഡ് കെണിയൊരുക്കി നിന്ന ബാഴ്‌സ പ്രതിരോധക്കാരെ വേഗതകൊണ്ട് മറികടന്നാണ് സെഡ്രിക് ബകാമ്പു ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാന മിനുറ്റില്‍ വില്ലാ റയലിന്റെ പ്രതിരോധക്കാരെയും ഗോളിയേയും നോക്കുകുത്തികളാക്കി മെസി ബാഴ്‌സയെ മുന്നിലെത്തിച്ചു.
അറുപത്തി ഒമ്പതാം മിനുറ്റിലാണ് സുവാരസ് മത്സരത്തിലെ തന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ സുവാരസിന്റെ മൂന്നാം ഗോളാണിത്. സീസണില്‍ മെസി നെയ്മര്‍ സുവാരസ് സഖ്യത്തിന്റെ നൂറാം ഗോളാണിത്. എണ്‍പത്തിരണ്ടാം മിനുറ്റില്‍ സുവാരസിന്റെ ഷോട്ട് പ്രതിരോധക്കാരന്റെ കയ്യില്‍ തട്ടിയതോടെ ബാഴ്‌സലോണക്ക് പെനല്‍റ്റി ലഭിച്ചു. പനേങ്ക കിക്കിലൂടെ മനോഹരമായി മെസി പെനല്‍റ്റിയെ ഗോളാക്കി മാറ്റുകയും ചെയ്തു.
മറുവശത്ത് തകര്‍പ്പന്‍ ഫോം റയല്‍ മാഡ്രിഡും തുടരുകയാണ്. ലീഗ് കിരീടത്തിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലാണ് മത്സരം നടക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് പോലും പത്ത് പോയിന്റ് പിറകിലാണ്. 35 മത്സരങ്ങളില്‍ 26 ജയവും ആറ് സമനിലയുമായാണ് റയല്‍ മാഡ്രിഡ് 84 പോയിന്റിലെത്തിയത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും മതി റയലിന് 2012ന് ശേഷമുള്ള ആദ്യ ലാലിഗ കിരീടം ഉറപ്പിക്കാന്‍.