ശാസ്ത്രിക്ക് മുന്നില്‍ ബിസിസിഐ വഴങ്ങി; ഭരത് അരുണ്‍ ബൌളിങ് പരിശീലകന്‍
തനിക്ക് കുരുക്കിട്ട ഗാംഗുലിക്ക് മേല്‍ ശാസ്ത്രി നേടിയ ജയമായി അരുണിന്‍റെ നിയമനത്തെ വിശേഷിപ്പിക്കാം. പരിശീലകനെ നിയമിക്കാന്‍ മാത്രമാണ് ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും .....
ഭരത് അരുണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൌളിങ് പരിശീലകനായി നിയമിതനായി. നാലംഗ ബിസിസിഐ സമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പരിശീലകന്‍ രവിശാസ്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അരുണിനെ പരിശീലകനായി വേണമെന്ന ശാസ്ത്രിയുടെ ആവശ്യത്തെ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി നേരത്തെ തള്ളിയിരുന്നു. ബൌളിങ് ഉപദേശകനായി സഹീര്‍ ഖാനെയും വിദേശ പര്യടനങ്ങളില്‍ ബാറ്റിങ് ഉപദേശകനായി വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിനെയും നിയമിക്കണമെന്ന ഉപദേശക സമിതി നിര്‍ദേശത്തില്‍ ബിസിസിഐ തീരുമാനം കൈകൊണ്ടിട്ടില്ല. തനിക്ക് കുരുക്കിട്ട ഗാംഗുലിക്ക് മേല്‍ ശാസ്ത്രി നേടിയ ജയമായി അരുണിന്‍റെ നിയമനത്തെ വിശേഷിപ്പിക്കാം.
പരിശീലകനെ നിയമിക്കാന്‍ മാത്രമാണ് ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും സഹപരിശീലകരുടെ കാര്യത്തില്‍ മുഖ്യ പരിശീലകന്‍റെ നിലപാടുകള്‍ നിര്‍ണായകമാണെന്നുമുള്ള വിനോദ് റായ് അധ്യക്ഷനായ സമിതിയുടെ വിലയിരുത്തല്‍ ശാസ്ത്രിക്ക് അനുകൂലമായി. ഉപദേശക സമിതി അധികാര പരിധി വിട്ട് പെരുമാറിയതായുള്ള ആരോപണങ്ങള്‍ തങ്ങളെ വേദനിപ്പിക്കുന്നതായി മൂവര്‍ സംഘം നേരിട്ട ഒരു കത്തിലൂടെ പരിഭവം പങ്കുവച്ചിരുന്നെങ്കിലും അത്തരമൊരു വിലയിരുത്തലാണ് തങ്ങള്‍ക്കുമുള്ളതെന്ന പരോക്ഷ സൂചന നല്‍കുന്നതായിരുന്നു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ഇക്കാര്യത്തിലുള്ള നിലപാടുകള്‍.
ബാറ്റിങ് പരിശീലകനായി സഞ്‍ജയ് ബംഗാറും ഫീല്‍ഡിങ് പരിശീലകനായി ആര്‍ ശ്രീധറും തുടരും. വര്‍ഷത്തില്‍ 150 ദിവസത്തെ സേവനം മാത്രമെ സഹീറിന് നീക്കിവയ്ക്കാനാകുകയുള്ളൂ എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. സഹീറിന്‍റെ നിയമനത്തോട് ശാസ്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. സഹീറിന്‍റെയും ദ്രാവിഡിന്‍റെയും സേവനം തേടുന്നതിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ മുഴുവന്‍ സമയ സഹപരിശീലകരുടെ കാര്യത്തില്‍ തന്‍റെ വാക്കുകള്‍ക്ക് മുന്‍ഗണന വേണമെന്നുമായിരുന്നു ശാസ്ത്രിയുടെ നിലപാട്.