ഇതിഹാസ താരങ്ങള്‍ റിയോയിലുണ്ടാകുമോ, ആകാംക്ഷയോടെ കായികലോകം

Update: 2018-05-27 18:56 GMT
Editor : admin
ഇതിഹാസ താരങ്ങള്‍ റിയോയിലുണ്ടാകുമോ, ആകാംക്ഷയോടെ കായികലോകം
Advertising

ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക് ട്രയലിനിടെ പേശിവലിവ് മൂലം പിന്‍മാറിയിരുന്നു

നൂറുമീറ്ററില്‍ ബോള്‍ട്ടിടാന്‍ ഉസൈന്‍ ബോള്‍ട്ടുണ്ടാകുമോ. ഉയരങ്ങളുടെ കൂട്ടുകാരി .യെലേന ഇസിന്‍ബയേവ. പുതിയ ഉയരം കുറിക്കാന്‍ റിയോയിലെത്തുമോ. ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഈ രണ്ട് ഇതിഹാസ താരങ്ങള്‍ റിയോയിലുണ്ടാകുമോ എന്നതാണ് കായികാരാധകര്‍ ഉറ്റുനോക്കുന്നത്.

കാലില്‍ കൊടുങ്കാറ്റൊളിപ്പിച്ച് ട്രാക്കിലിറങ്ങുന്ന ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക് ട്രയലിനിടെ പേശിവലിവ് മൂലം പിന്‍മാറിയിരുന്നു.ഇതോടെയാണ് ഒളിമ്പിക്സിലെ ഏറ്റവും ആവേശകരമായ മത്സര ഇനത്തില്‍ ലോകത്തെ വേഗമേറിയ മനുഷ്യന്‍ പങ്കെടുക്കുമോ എന്ന ചോദ്യം കായിക പ്രേമികളുടെ മനസില്‍ ഉയര്‍ന്നത്. ജമൈക്കന്‍ നിയമപ്രകാരം റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍ ട്രയല്‍സില്‍ പങ്കെടുത്തില്ലെങ്കിലും ഒളിമ്പിക്സിന് മുന്‍പ് കായികക്ഷമത തെളിയിച്ചാല്‍ മതി .

ജമൈക്ക ഇന്നലെ പ്രഖ്യാപിച്ച പ്രാഥമിക ഒളിമ്പിക്സ് സംഘത്തില്‍ ബോള്‍ട്ടിന്റെ പേരുണ്ട്. ഇതില്‍ കായികാരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെങ്കിലുംഈ മാസം 22ന് നടക്കുന്ന ട്രയല്‍സില്‍ കായിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ ബോള്‍ട്ടിന് റിയോയിലെ ട്രാക്കിലോടാന്‍ കഴിയൂ. മൂന്ന് ഒളിമ്പിക്സുകളില്‍ സമാനമായ മൂന്ന് ഇനങ്ങളില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിനെ കാത്തിരിക്കുന്നത്. യെലേന ഇസിന്‍ബയേവ. ഓരോ മത്സരത്തിലും അത്ഭുതങ്ങളുമായി ആരാധകരെ വിസ്മയിപ്പിച്ച റഷ്യന്‍ പോള്‍വോള്‍ട്ട് താരം. ലേഡി ബുബ്ക്ക എന്ന വിശേഷണവുമായി ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇസിന്‍ബയേവ റിയോയില്‍ പോളേന്താന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റഷ്യന്‍ കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്ര അത്‌ലറ്റിക്സ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇസിന്‍ബയേവയുടെ കാര്യത്തിലും കാത്തിരിക്കേണ്ടി വന്നത്. അഞ്ച് മീറ്റര്‍ ഉയരം പോള്‍വോള്‍ട്ടില്‍ ചാടികടന്ന ആദ്യ വനിതയായ ഇസിന്‍ബയേവ സ്വന്തം റെക്കോഡ് 28 തവണ തിരുത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിച്ചാല്‍ അവസാന ഒളിമ്പിക്സിനൊരുങ്ങുന്ന ഇസിന്‍ബയേവയ്ക്ക് റിയോയിലും പുതിയ ഉയരം കുറിക്കാം..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News