സന്തോഷ് ട്രോഫി: ജമ്മു കശ്മീരിനെ തോൽപ്പിച്ച് കേരളം സെമിയിൽ
Update: 2024-12-27 12:37 GMT
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ക്വാർട്ടർ പോരിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സെമിയുറപ്പിച്ചത്. 72ാം മിനുറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി വിജയമുറപ്പിച്ച ഗോൾ നേടിയത്.
സെമിയിൽ കേരളത്തിന് മണിപ്പൂരാണ് എതിരാളികൾ. കേരളത്തിനും മണിപ്പൂരിനും പുറമേ കരുത്തരായ ബംഗാളാണ് സെമിയുറപ്പിച്ച മറ്റൊരു ടീം. 52ാം തവണയാണ് ബംഗാൾ സെമിയിലെത്തുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മേഘാലയ-സർവീസസ് മത്സരത്തിലെ വിജയികളും സെമിയുറപ്പിക്കും.
സന്തോഷ് ട്രോഫിയിൽ ഇത്തവണ കേരളം മികച്ച രീതിയിലാണ് പന്തുതട്ടുന്നത്. യോഗ്യത റൗണ്ടിൽ 18ഉം ഫൈനൽ റൗണ്ടിൽ 11ഉം അടക്കം 29 ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. വഴങ്ങിയത് വെറും നാലെണ്ണം മാത്രം.