ബ്രസീല്‍ വിജയിക്കുകയും അര്‍ജന്‍റീന തോല്‍ക്കുകയും ചെയ്യുമ്പോള്‍......

Update: 2018-05-30 20:30 GMT
Editor : admin
ബ്രസീല്‍ വിജയിക്കുകയും അര്‍ജന്‍റീന തോല്‍ക്കുകയും ചെയ്യുമ്പോള്‍......
Advertising

പെറുവിനെതിരെ അര്‍ജന്‍റീന ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ മെസിയുടെയും സംഘത്തിന്‍റെയും മുഖത്ത് നിഴലിച്ച നിരാശ ഇങ്ങ് മലബാറിലെ ആരാധകരിലും ഒട്ടും വറ്റാതെ തന്നെ പ്രകടമായിരുന്നു. അര്‍ജന്‍റീനയുടെ പരാജയത്തെക്കാള്‍ വേദനിപ്പിക്കുന്നതാണ് ഒന്നാം സ്ഥാനക്കാരായുള്ള മഞ്ഞപ്പടയുടെ തേരോട്ടം...

കാല്‍പന്ത് കളിയെ നെഞ്ചിലേറ്റുന്നവരാണ് മലബാറുകാര്‍. അതുകൊണ്ടു തന്നെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയില്ലെങ്കിലും ആവേശം ഒരിക്കലും കുറയാറില്ല. അര്‍ജന്‍റീനക്കും ബ്രസീലിനുമെല്ലാം സ്വന്തം മണ്ണില്‍ ലഭിക്കുന്ന പിന്തുണ ഇവിടെയും സുലഭം. സ്വന്തം രാജ്യം കളിക്കാനിറങ്ങുന്നതിന്‍റെ ആവേശമാണ് ഓരോ ടീമിന്‍റെയും ആരാധകര്‍ക്ക്. അതുകൊണ്ടു തന്നെ യോഗ്യത റൌണ്ടില്‍ ബ്രസീലിന്‍റെ മുന്നേറ്റവും അര്‍ജന്‍റീനയുടെ കിതപ്പും ഇവിടെ ചര്‍ച്ചാവിഷയമാണ്. പെറുവിനെതിരെ അര്‍ജന്‍റീന ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ മെസിയുടെയും സംഘത്തിന്‍റെയും മുഖത്ത് നിഴലിച്ച നിരാശ ഇങ്ങ് മലബാറിലെ ആരാധകരിലും ഒട്ടും വറ്റാതെ തന്നെ പ്രകടമായിരുന്നു. അര്‍ജന്‍റീനയുടെ പരാജയത്തെക്കാള്‍ വേദനിപ്പിക്കുന്നതാണ് ഒന്നാം സ്ഥാനക്കാരായുള്ള മഞ്ഞപ്പടയുടെ തേരോട്ടം. അര്‍ജന്‍റീന പുറത്തേക്കെങ്കില്‍ ഒപ്പം കാനറികളുമുണ്ടെങ്കിലെ അതിനൊരു ചേലുള്ളൂ എന്നാണ് അവസ്ഥ. മിശിഹക്കും സംഘത്തിനും കാലിടറുമ്പോള്‍ അര്‍ജന്‍റീനിയന്‍ ആരാധകര്‍ നിരാശക്കിടയിലും പ്രതീക്ഷയിലാണ്.

ഇക്വഡോറുമായുള്ള അവസാന മത്സരത്തില്‍ തങ്ങളുടെ ടീം എല്ലാം മറന്ന് പോരാടുമെന്നും വിജയം റാഞ്ചുമെന്നുമുള്ള വിശ്വാസത്തിലാണ് അവര്‍. മെസിയെ പൂട്ടിയുള്ള എതിരാളികളുടെ തന്ത്രം പൊളിഞ്ഞ് ടീം വിജയ പാതയിലെത്തുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. കടുത്ത ആരാധകരുടെ അവകാശവാദം ഇതിലും വലുതാണ്. പ്ലേ ഓഫിന് നില്‍ക്കാതെ മൂന്നാം സ്ഥാനക്കാരായി റഷ്യയിലേക്ക് ടീം ടിക്കറ്റ് നേടുമെന്നാണ് ഇവരുടെ അവകാശവാദം. കണക്കിലെ കളികളെക്കാള്‍ ഇവര്‍ക്ക് പ്രിയം കളിക്കാരില്‍ വിശ്വാസമര്‍പ്പിക്കാനാണ്.

ഡിബാലയെ പുറത്തിരുത്തി നടത്തിയ പരീക്ഷണം പരിശീലകന്‍ ഇനി നടത്തില്ലെന്നും സൂപ്പര്‍ സ്ട്രൈക്കര്‍മാര്‍ ഒത്തുചേര്‍ന്ന് എതിര്‍ഗോള്‍ വല കുലുക്കുമെന്നും അവര്‍ സ്വപ്നം കാണുന്നു. ഈ സ്വപ്നമാണ് അവരെ നയിക്കുന്നത്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ സമ്മാനിച്ച നിരാശ അഞ്ചാം മത്സരത്തില്‍ മറികടക്കാനായാല്‍ പിന്നെ പ്ലേ ഓഫായായും പ്രശ്നമാകില്ലെന്ന് ആരാധകര്‍ക്ക് അറിയാം. അവര്‍ക്ക് ഒന്നേ വേണ്ടൂ - തങ്ങളുടെ പ്രിയ മെസി റഷ്യയില്‍ ബൂട്ടണിയണം, നായകന് ചേരുന്ന പ്രകടനം പുറത്തെടുത്ത് ടീമിനെ ലോകത്തിന്‍റെ നെറുകയിലെത്തിക്കണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News